പരാജയത്തിന് കാരണം കോൺഗ്രസിന്റെ അമിത ആത്മവിശ്വാസം -ഭൂപൻ കുമാർ ബോറ
text_fieldsദിസ്പൂർ: അമിത ആത്മവിശ്വാസമാണ് കോൺഗ്രസിന്‍റെ പരാജയത്തിന് കാരണമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ. അഞ്ചിൽ മുന്നിടത്തും വിജയിച്ചതിൽ അദ്ദേഹം ബി.ജെ.പിയെ അഭിനന്ദിച്ചു. ഒരുപാട് ആത്മവിശ്വാസം പ്രകടിപ്പിക്കരുതെന്ന സൂചനയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
"തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചപ്പോൾ പാർട്ടി പരാജയപ്പെടുമെന്ന സൂചന പോലും അവരിൽ നിന്ന് ലഭിച്ചിരുന്നില്ല. പരാജയപ്പെടുമെന്ന് പറഞ്ഞിട്ടും ബി.ജെ.പി അവസാന നിമിഷം വരെ പൊരുതി. എന്നാൽ കോൺഗ്രസിന് നേരത്തെ തന്നെ ജയിച്ച ഭാവമായിരുന്നു. ഇത് ഞങ്ങൾക്ക് അസമിലും ഒരു പാഠമായിരിക്കും"- ഭൂപൻ കുമാർ ബോറ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയങ്ങൾ സംസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കുമെന്നും അസമിൽ ബി.ജെ.പിയുടെ അഴിമതിയാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലേയും തെലങ്കാനയിലേയും പോലെ അഴിമതിക്കെതിരെ പോരാടിയ എല്ലായിടത്തും കോൺഗ്രസ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ കോൺഗ്രസ് നേതാക്കൾക്ക് എതിരെ പ്രയോഗിക്കുകയാണ് എന്നാൽ 2024ൽ ഇൻഡ്യ സഖ്യത്തിന് അധികാരം ലഭിക്കുമെന്നായാൽ അവ കൂറുമാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയമോ പരാജയമോ എന്തുതന്നെ സംഭവിച്ചാലും ആശയപരമായ പോരാട്ടം തുടരുമെന്നും ഭൂപൻ കുമാർ ബോറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.