'അതിന് ഞാൻ മരിക്കണം'; ജിതിൻ പ്രസാദയെ പോലെ ബി.ജെ.പിയിലേക്ക് മാറുമോയെന്ന ചോദ്യത്തിന് കപിൽ സിബലിന്‍റെ മറുപടി
text_fieldsന്യൂഡൽഹി: പ്രധാന ദേശീയ നേതാക്കളിലൊരാളും മുൻ കേന്ദ്ര മന്ത്രിയുമായ ജിതിൻ പ്രസാദ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിന്‍റെ ആഘാതത്തിലാണ് കോൺഗ്രസ് നേതൃത്വം. പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കിക്കൊണ്ടാണ്, വിമത ശബ്ദമുയർത്തിയ 23 നേതാക്കളിലൊരാളായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ടത്. മുതിർന്ന നേതാവായ കപിൽ സിബൽ വിമത ശബ്ദമുയർത്തിയ നേതാക്കളിൽ പ്രധാനിയായിരുന്നു.
ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നത് പോലെ താങ്കളുടെ കാര്യത്തിലും സംഭവിക്കുമോയെന്ന ചോദ്യത്തിന് 'അതിന് ഞാൻ മരിക്കണം' എന്നാണ് കപിൽ സിബൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കോൺഗ്രസിൽ വിമതശബ്ദമുയർത്തുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ നിരന്തര വിമർശകനാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ കപിൽ സിബൽ.
'കോൺഗ്രസ് നേതൃത്വം എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നതിനെ കുറിച്ച് ഞാൻ ഈ സാഹചര്യത്തിൽ ഒന്നും പറയുന്നില്ല. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യൻ രാഷ്ട്രീയം ഇപ്പോൾ എത്തിയിരിക്കുന്നത്. 'പ്രസാദ റാം രാഷ്ട്രീയം' ആണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് അത് 'ആയാ റാം, ഗയാ റാം' എന്നായിരുന്നു. പശ്ചിമ ബംഗാളിൽ നമ്മൾ ഇതാണ് കണ്ടത്. നേതാക്കൾ പെട്ടെന്ന് ബി.ജെ.പി പക്ഷത്തേക്ക് മാറുന്നു. ബി.ജെ.പിയാണ് ജയിക്കാൻ പോകുന്നതെന്ന് അവർ കരുതുന്നു. ആദർശത്തിന്‍റെ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നത്. വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന താൽപര്യത്തോടെയാണ്. ഇത് തന്നെയാണ് മധ്യപ്രദേശിലും കർണാടകയിലും മഹാരാഷ്ട്രയിലും സംഭവിച്ചത്' -കപിൽ സിബൽ പറഞ്ഞു.
ബി.ജെ.പിയിൽ നിന്ന് ജിതിൻ പ്രസാദക്ക് 'പ്രസാദം' ലഭിക്കുമോ, അതോ യു.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചാക്കിടൽ മാത്രമാണോ ഇത് എന്നതാണ് ചോദ്യം -കപിൽ സിബൽ ട്വീറ്റിൽ പറഞ്ഞു. ആദർശത്തിന് പ്രാധാന്യമില്ലെങ്കിൽ ഇത്തരം മാറ്റം എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നത്. ഒരുകാലത്ത് രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന 47കാരനായ നേതാവിന്‍റെ കൂടുമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ജിതിൻ പ്രസാദ. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിൽ സ്റ്റീൽ, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
ഉത്തർപ്രദേശ് കോൺഗ്രസിലെ നട്ടെല്ലായിരുന്നു ജിതിൻ പ്രസാദ. അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിതിൻ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.