ബി.ജെ.പിക്ക് വിനയായത് അമിത ആത്മവിശ്വാസം; തിരിച്ചടിയായത് കർഷക സമരവും അഗ്നിവീറും
text_fieldsന്യൂഡൽഹി: ഇത്തവണ 400 കടക്കുമെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പഞ്ചാബിലും ഹരിയാനയിലും ചണ്ഡിഗഢിലും തിരിച്ചടിയായത് കർഷക സമരവും സൈനിക മേഖലയെ കരാർവത്കരിച്ചുള്ള അഗ്നിവീർ പദ്ധതിയും. കർഷക സമരം ശക്തമായ പഞ്ചാബിൽ 13 സീറ്റിൽ ഒരു സീറ്റിൽപോലും ബി.ജെ.പിക്ക് വിജയിക്കാനായില്ല. സിറ്റിങ് സീറ്റുകളായ ഗുരുദാസ് പൂരും ഹോഷിയാർപൂരും ബി.ജെ.പിക്ക് നഷ്ടമായി.
എൻ.ഡി.എ വിട്ട് ഒറ്റക്ക് മത്സരിച്ച ശിരോമണി അകാലിദളിന് ഒരു സീറ്റ് ലഭിച്ചു. ഖദൂർ സാഹബിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച, ജയിലിൽ കഴിയുന്ന സിഖ് നേതാവ് അമൃതപാൽ സിങ് വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലായിരുന്നു പഞ്ചാബിൽ മത്സരം.
കർഷക സമരത്തോടൊപ്പം അഗ്നിവീർ പദ്ധതി കോൺഗ്രസ് പ്രചാരണായുധമാക്കിയതാണ് ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടിയായത്. 2014ലും 2019ലും സംസ്ഥാനത്തെ പത്തു സീറ്റും തൂത്തുവാരിയ ബി.ജെ.പിക്ക് ഇക്കുറി പകുതി കുറഞ്ഞു. കേന്ദ്രം സേനയെ കരാർവത്കരിച്ച് അഗ്നിവീർ പദ്ധതി കൊണ്ടുവന്നതോടെ ഏറ്റവും ഏതിർപ്പ് ഉയർന്നത് ഹരിയാനയിൽ നിന്നായിരുന്നു. അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി പിൻവലിക്കുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. തൊഴിലില്ലായ്മ രൂക്ഷമായതും ജാട്ട് വിഭാഗം ബി.ജെ.പിയോട് അകന്നതും കോൺഗ്രസിന് നേട്ടമായി. കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ചണ്ഡിഗഢിൽനിന്ന് വിജയിച്ചത്.
അതേസമയം, കോൺഗ്രസ് പിന്തുണയോടെ കുരുക്ഷേത്രയിൽ മത്സരിച്ച ആം ആദ്മി പാർട്ടി സ്ഥാനാർഥി വിജയിച്ചില്ല. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നവീൻ ജിൻഡാലാണ് ഇവിടെ നിന്നും വിജയിച്ചത്. കർണാലിൽ മത്സരിച്ച ബി.ജെ.പി നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ മനോഹർലാൽ ഖട്ടറും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.