നിറഞ്ഞുകവിഞ്ഞ് ലങ്കറുകൾ; ബഹിഷ്കരണം വിജയിക്കട്ടെ
text_fieldsസിംഘു അതിർത്തിയിൽ ഡൽഹി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കടന്ന് സമരസ്ഥലത്തേക്ക് പ്രവേശിക്കുേമ്പാൾ ആദ്യം കാണുന്നത് പഞ്ചാബികൾ നിരന്നിരുന്ന് ഉരലുകളിൽ ഉലക്ക കൊണ്ടിടിക്കുന്നതാണ്. പന്തലിൽ കൊണ്ടുവെച്ച ചാക്കുകളിൽനിന്ന് ബദാമും അണ്ടിപ്പരിപ്പും ഏലക്കായയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും നിരത്തിവെച്ച ഉരലുകളിലേക്ക് വാരിയിട്ടുകൊണ്ടിരിക്കുന്നു.
ഉരലുകളിൽ അൽപം വെള്ളമൊഴിച്ച് ഒരേ താളത്തിൽ ഉലക്ക കൊണ്ടിടിച്ച് പൊടിക്കുന്നു. പൊടിഞ്ഞ് തീരുന്ന മുറക്ക് വാരിയെടുത്തുകൊണ്ടുപോയി സമരക്കാർക്ക് കൊടുക്കുന്നു.സമരഭൂമിയിലെ കാഴ്ചയാണിത്. പഞ്ചാബിലെ ഭാരത് കിസാൻ സംഘർഷ് സമിതിയുടെ നേതാവ് സുഖ്വീന്ദർ സിങ് സബ്റയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സിംഘുവിലെ ഒന്നാമത്തെ സമര പന്തലിനൊപ്പം തന്നെ ഒന്നാമത്തെ ലങ്കറും തുടങ്ങുകയായി. അവിടുന്നങ്ങോട്ട് സമരത്തിനെത്തിയ അവസാനത്തെ വാഹനം കിടക്കുന്ന 20 കിലോമീറ്റർ ദൂരം വരെ ലങ്കറുകളുമുണ്ട്.
സമരത്തിലിരിക്കുന്നവരുടെ ആവേശം ചോരാതിരിക്കാൻ വേദിയിൽ ഇടതടവില്ലാതെ പ്രസംഗങ്ങൾ നടക്കുേമ്പാൾ അവരെ വിരുന്നൂട്ടാൻ മത്സരിച്ചു വെച്ചുവിളമ്പുകയാണ് ഒാരോ ലങ്കറുകളും.ചായയും കാപ്പിയും പറാത്തയും ചപ്പാത്തിയും ചാവലും സബ്ജിയും നൂഡിൽസും കാജർ ഹലുവയും ഖീറും ഷീറുമായി രുചി വൈവിധ്യങ്ങളുടെ സംഗമഭൂമി കൂടിയാണ് സിംഘു.
മാസങ്ങളോളം കഴിയാനുള്ള ഭക്ഷ്യധാന്യങ്ങൾ ഇവിടെയെത്തിക്കഴിഞ്ഞു. ആരും ആവശ്യപ്പെടാതെ ഒാരോരുത്തരും ചാക്കുകണക്കിന് ഭക്ഷ്യവസ്തുക്കളുമായി വരുകയാണ്. ചിലർക്കത് സമരക്കാർക്ക് നേരിട്ട് കൈളിൽ കൊടുക്കണം. അവർ നേരിട്ട് തന്നെ അവ കൊടുത്തേ തിരിച്ചുപോകൂ. ഭൂരിഭാഗം പേരും ലങ്കറുകളിൽ കൊണ്ടുവന്നിറക്കുകയാണ്. ഭക്ഷ്യധാന്യങ്ങളല്ല, സമരത്തോടുള്ള െഎക്യദാർഢ്യമാണ് കർഷകർക്കിനി വേണ്ടതെന്നാണ് സുഖ്വീർ സിങ് പറയുന്നത്.
െഎക്യദാർഢ്യത്തിന് അതിർത്തിയിൽ വരേണ്ടതില്ല. രാജ്യത്തിെൻറ ഏത് ഭാഗത്തുനിന്നും അതിന് കഴിയും. അഡാനിയുടെയും അംബാനിയുടെയും ഉൽപന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കാനാണ് ഈ സമരത്തെ പിന്തുണക്കുന്ന മുഴുവനാളുകളോടും ഞങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് ഷായുമായുള്ള ചർച്ചയിൽ പെങ്കടുത്ത അഖിലേന്ത്യ കിസാൻ സഭ നേതാവ് ഹനൻ മുല്ല പറഞ്ഞു. നേതാക്കളുടെ മാത്രം മനസ്സല്ല ഇത്. സമരഭൂമിയിൽ കാണുന്ന ഏതൊരു കർഷകനോടുമുള്ള സംസാരവും എത്തുന്നത് അഡാനിയിലും അംബാനിയിലും അവരെ ബഹിഷ്കരിക്കണമെന്ന ആവശ്യത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.