വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ല; ഹൈകോടതി ഉത്തരവ് അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: വിദേശത്ത് ജോലി ആവശ്യത്തിന് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമാണെന്ന ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം 'കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി പൊലീസ് നല്‍കുക. അതു സംസ്ഥാനത്തിനകത്തുള്ള ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ മാത്രമാകും.
വിദേശ ജോലിക്കോ വിസ ആവശ്യങ്ങള്‍ക്കോ ഉള്ള സര്‍ട്ടിഫിക്കറ്റ് റീജനൽ പാസ്‌പോര്‍ട്ട് ഓഫിസര്‍മാകും നല്‍കുകയെന്നാണ് കേന്ദ്രം മാസങ്ങൾക്കു മുമ്പ് ഹൈകോടതിയെ അറിയിച്ചിരുന്നത്. അതിന്‍റെ അടിസ്ഥാനത്തിൽ ചില ജില്ല പൊലീസ് മേധാവികൾ സ്വന്തം നിലക്ക് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നിട്ടും ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ സർക്കുലർ.
വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ് നല്‍കാൻ 2009 മുതല്‍ പൊലീസ് സ്വീകരിച്ചിരുന്ന നിബന്ധനകളെല്ലാം ഇല്ലാതാക്കിയാണ് പുതിയ സര്‍ക്കുലര്‍. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ ജില്ല പൊലീസ് മേധാവിക്കോ ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കോ അപേക്ഷ സമര്‍പ്പിക്കണം.
മതിയായ കാരണങ്ങളുണ്ടെങ്കില്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷകന്‍റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍ കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പകരം കേസ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കും.
തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നതെങ്കിലും സര്‍ട്ടിഫിക്കറ്റ് നിരസിക്കും. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍നിന്ന് പൊലീസ് പിന്‍വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.