ഡൽഹിയിൽ പച്ച തൊടാതെ ഉവൈസിയും ബി.ജെ.പിയുടെ പസ്മാണ്ഡ പരീക്ഷണവും
text_fieldsന്യൂഡൽഹി: മുസ്‍ലിം വോട്ടുബാങ്കിൽ കണ്ണുവെച്ച് അസദുദ്ദീൻ ഉവൈസിയും പസ്മാണ്ഡ മുസ്‍ലിംകളെ ലക്ഷ്യമിട്ട് ബി.ജെ.പിയും നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങൾ ഡൽഹിയിൽ പച്ചപിടിച്ചില്ല. മുസ്‍ലിം വോട്ടുകൾ ഭൂരിഭാഗവും കോൺഗ്രസിനും ആപിനുമിടയിലായി വീതം വെക്കപ്പെട്ടപ്പോൾ മുസ്‍ലിം ഭൂരിപക്ഷ വാർഡുകളിൽ ഏഴ് വീതം ഇരു പാർട്ടികളും നേടി. വോട്ടുകൾ ഭിന്നിച്ച ഒരു മുസ്‍ലിം ഭൂരിപക്ഷ വാർഡ് ബി.ജെ.പിക്കും ലഭിച്ചു.
അതേസമയം, ബി.ജെ.പി-ആപ് പോരിൽ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ നിഷ്പ്രഭമായ കോൺഗ്രസിനെ മുസ്‍ലിം ഭൂരിപക്ഷ വാർഡുകൾ സംപൂജ്യരാക്കാതെ കാത്തു. പസ്മാണ്ഡ വിഭാഗത്തെ അടർത്തി തങ്ങളോടൊപ്പം നിർത്താൻ ഡൽഹിയിൽ ബി.ജെ.പി നടത്തിയ രാഷ്ട്രീയ പരീക്ഷണം പരാജയപ്പെട്ടു. 250 അംഗ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രംഗത്തിറക്കിയ നാല് പസ്മാണ്ഡ സ്ഥാനാർഥികളും പരാജയപ്പെട്ടു. ബി.ജെ.പി ഇർഫാൻ മാലികിനെ നിർത്തിയ ചാന്ദ്നി മഹലിൽ ആം ആദ്മി പാർട്ടിയുടെ ആലേ മുഹമ്മദ് ഇഖ്ബാൽ 19,199 വോട്ട് നേടി വിജയിച്ചു.
ആപിന്റെ ശമീം ബാനു 21,138 വോട്ട് നേടി വിജയിച്ച ഖുറൈശ് നഗറിൽ ബി.ജെ.പിയുടെ പസ്മാണ്ഡ മുസ്‍ലിം സ്ഥാനാർഥി സമീന റസ 5938 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന്റെ ശഗുഫ്ത ചൗധരി 21,131 വോട്ട് നേടി വിജയിച്ച ചൗഹാൻ ബംഗേറിൽ 5938ൽ വോട്ട് നേടിയ ആപിന്റെ അസ്മ ബീഗത്തിനും പിറകിലായിരുന്നു ബി.ജെ.പിയുടെ സബ ഗാസി. ഡൽഹി വംശീയാക്രമണം അരങ്ങേറിയ മുസ്തഫാബാദിലും ശബ്നം മാലികിനെ നിർത്തിയ ബി.ജെ.പിയുടെ പസ്മണ്ഡ രാഷ്ട്രീയം പച്ചപിടിച്ചില്ല. ഇവിടെ കോൺഗ്രസിന്റെ സബീല ബീഗം അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്റെ സർവരി ബീഗത്തെ 6000 വോട്ടിന് തോൽപിച്ചു.
2017ൽ നേടിയ 21.09 ശതമാനം വോട്ടിൽ നിന്ന് 11.68 ശതമാനത്തിലേക്ക് കുത്തനെ താഴോട്ടുപോന്ന കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അതേസമയം, 2020ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 4.26 ശതമാനം വോട്ടുവർധനയുണ്ടായി. 2017ലെ 28ൽ നിന്ന് 19 സീറ്റുകളും നഷ്ടപ്പെടുത്തിയ കോൺഗ്രസിന് ആകെ കിട്ടിയ ഒമ്പത് കൗൺസിലർമാരിൽ ഏഴ് പേരും മുസ്‍ലിം ഭൂരിപക്ഷ വാർഡുകളിൽ നിന്നാണ്. സാകിർ നഗർ, അബുൽ ഫസൽ എൻക്ലേവ്, കബീർ നഗർ, ആയ നഗർ, നിഹാൽ വിഹാർ, ശാസ്ത്രി പാർക്ക്, ബ്രിജ്പുരി, മുസ്തഫാബാദ് വാർഡുകളാണ് കോൺഗ്രസിന് കിട്ടിയത്. മുസ്‍ലിം വനിതകളുടെ ശാഹീൻ ബാഗ് മാതൃകയിലുള്ള പൗരത്വസമരത്തിന് നേരെ വംശീയാതിക്രമം അരങ്ങേറിയ വാർഡുകളാണ് മുസ്തഫാബാദ്, ബ്രിജ്പുരി, ചൗഹാൻ ബംഗേർ, കബീർ നഗർ വാർഡുകൾ എന്നിവ. ഇവിടെ ആപിന്റെ സിറ്റിങ് വാർഡുകളും കോൺഗ്രസ് പിടിച്ചെടുത്തു.
പൗരത്വ സമരം ശക്തമായിരുന്ന ജാമിഅ നഗറിലെ രണ്ട് വാർഡുകളിലും കോൺഗ്രസിനാണ് ജയം. കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹേദാരനും കോൺഗ്രസ് നേതാവുമായ ആസിഫ് മുഹമ്മദ് ഖാന്റെ മകൾ അരീബ ഖാൻ അബുൽ ഫസൽ എൻക്ലേവ് വാർഡിൽ ആം ആദ്മി പാർട്ടിയുടെ സിറ്റിങ് കൗൺസിലറെ പരാജയപ്പെടുത്തി. ബി.ജെ.പിയെ പിന്തുടർന്ന് ഹിന്ദുത്വ വഴി പുൽകിയാലും ഡൽഹിയിൽ മുസ്‍ലിംകൾ തങ്ങൾക്ക് വോട്ടുചെയ്യുമെന്ന ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടലിനുള്ള തിരിച്ചടി കൂടിയായി ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലം. കോവിഡ് മഹാമാരിക്ക് വർഗീയ നിറം നൽകിയതും ഡൽഹി വംശീയാക്രമണ വേളയിൽ നിശബ്ദത പാലിച്ചതും ഈ വാർഡുകളിൽ പ്രതിഫലിച്ചുവെന്ന് മാധ്യമപ്രവർത്തകനായ താരിഖ് അൻവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.