കൈകോർക്കാനൊരുങ്ങി ഉവൈസിയും സിദ്ദീഖിയും; മമതക്ക് തലവേദനയായി ബംഗാളിൽ പുതു സഖ്യം
text_fieldsകൊൽക്കത്ത: ബംഗാൾ നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ്) പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി, ഫുർഫുറ ശരീഫ് പ്രസ്ഥാനങ്ങളുടെ മേധാവി അബ്ബാസ് സിദ്ദീഖിയുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ സമവാക്യത്തിന് വഴി തുറക്കുന്നു. അബ്ബാസ് സിദ്ദീഖിയോടൊത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏതൊരു തീരുമാനത്തിനും പിന്തുണ നൽകുമെന്നുമാണ് കൂടിക്കാഴ്ചക്കു ശേഷം ഉവൈസി വ്യക്തമാക്കിയത്. സംസ്ഥാനത്തെ 31 ശതമാനം വരുന്ന മുസ്ലിം ജനസംഖ്യയിലെ വലിയ വിഭാഗത്തിനിടയിൽ സ്വാധീനമുള്ള നേതാവാണ് അബ്ബാസ് സിദ്ദീഖി.
ഉവൈസിയും ഹൂഗ്ലി, നോർത്ത്-സൗത്ത് പർഗാനകൾ, മുർഷിദാബാദ്, ബുർദ്വാൻ ജില്ലകളിൽ കരുത്തുള്ള സിദ്ദീഖിയും ഒത്തുപിടിച്ചാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ മൂന്നാമൂഴം എന്ന ലക്ഷ്യത്തിന് കോട്ടം തട്ടുമെന്നാണ് വിലയിരുത്തൽ.
ഉർദു സംസാരിക്കുന്ന ചെറുവിഭാഗത്തിനു പുറമെ സിദ്ദീഖിയുടെ സഹായത്തോടെ 90 ശതമാനത്തിലേറെ വരുന്ന ബംഗാളി മുസ്ലിംകളെയും ഒപ്പം ചേർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉവൈസി. എന്നാൽ, ഈ നീക്കത്തെ മമതയോട് ആഭിമുഖ്യമുള്ള മുസ്ലിം നേതാക്കളും ഫുർഫുറ ശരീഫിലെ പ്രബലനും അബ്ബാസിെൻറ അമ്മാവനുമായ ത്വാഹാ സിദ്ദീഖി ഉൾപ്പെടെയുള്ളവരും തള്ളിപ്പറയുന്നുണ്ട്.
ആദ്യകാലങ്ങളിൽ സി.പി.എമ്മിന് ശക്തമായ പിന്തുണ നൽകി വന്ന ഫുർഫുറ ശരീഫ് നേതാക്കൾ 2006നു ശേഷമാണ് തൃണമൂലിനൊപ്പം നിലയുറപ്പിച്ചത്. എന്നാൽ, മുസ്ലിംകൾ, ദലിതുകൾ, ആദിവാസികൾ എന്നിവരുടെ ക്ഷേമത്തിന് ഒന്നും ചെയ്യുന്നില്ലെന്നും അവസ്ഥ മുമ്പത്തേക്കാൾ പരിതാപകരമാണെന്ന് അബ്ബാസ് സിദ്ദീഖി ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ രംഗത്തിറക്കുമെന്ന് ഏതാനും മാസം മുമ്പ് സിദ്ദീഖി പ്രഖ്യാപിച്ചിരുന്നു. അൻപതോളം റാലികളും സംഘടിപ്പിച്ചു. ലോക്സഭയിൽ പൗരത്വ ഭേദഗതി നിയമം വോട്ടിനിട്ടപ്പോൾ എട്ട് തൃണമൂൽ എം.പിമാർ ഹാജരാവാഞ്ഞതോടെയാണ് എതിർ പ്രസ്താവനകൾ ആരംഭിച്ചത്. പിന്നീടിത് തൃണമൂൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുകളിലേക്കുമെത്തി.
44 സീറ്റുകൾ തെൻറ സ്ഥാനാർഥികൾക്ക് നൽകണമെന്ന് മമതയോട് സിദ്ദീഖി ആവശ്യപ്പെട്ടിരുന്നു. 50 സീറ്റുകൾ ലഭിക്കുമെങ്കിൽ സംസ്ഥാനത്താകമാനം മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിൻതിരിയാൻ മജ്ലിസും ഒരുക്കമായിരുന്നു. മമത നേരിടുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ഈ 94 സീറ്റുകളിൽ നേടുന്ന തകർപ്പൻ വിജയം സഹായിക്കുമെന്നായിരുന്നു ബംഗാളിെൻറ ചുമതലയുള്ള മജ്ലിസ് നേതാവ് സയ്യിദ് സമീറുൽ ഹസൻ പ്രഖ്യാപിച്ചത്.
എന്നാൽ, ഈ ആവശ്യത്തോട് മുഖംതിരിച്ച മമത മജ്ലിസ് സംസ്ഥാന നേതാവ് അൻവർ പാഷയെത്തന്നെ തൃണമൂലിലേക്ക് വലിച്ചു.
ബി.ജെ.പിക്ക് വിജയമൊരുക്കാനാണ് ഉവൈസിയുടെ പാർട്ടി മത്സരിക്കുന്നതെന്നാണ് ജംഇയ്യത്തുൽ ഉലമ നേതാവും തൃണമൂൽ മന്ത്രിസഭാംഗവുമായ സിദ്ദീഖുല്ലാഹ് ചൗധരിയെപ്പോലുള്ളവർ ആരോപിക്കുന്നത്. ബി.ജെ.പിയുടെയും ഉവൈസി-സിദ്ദീഖി സഖ്യത്തിെൻറയും അജണ്ടകളെ ബംഗാൾ തള്ളിക്കളയുമെന്നും അദ്ദേഹം പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് തെൻറ വിമർശകനായിരുന്ന സിദ്ദീഖുല്ലാഹ് ചൗധരിയെ 2016ൽ മമത ഒപ്പം ചേർക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും തൃണമൂലും തമ്മിൽ മൂന്നു ശതമാനം വോട്ടിെൻറ വ്യത്യാസം മാത്രമാണുള്ളത്. അധികാരത്തിലേറാൻ സഹായിച്ച സുവേന്ദു അധികാരി ഉൾപ്പെടെ നേതാക്കൾ ശത്രുപാളയത്തിലെത്തിയതിനു പിന്നാലെ എക്കാലവും ഒപ്പമുണ്ടായിരുന്ന മുസ്ലിംവോട്ടുകൾ കൂടി ചോരുന്നത് മമതയുടെ സാധ്യതകളെ പരുങ്ങലിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.