'എെൻറ സഹോദരി ഗുജറാത്തിൽ ഒറ്റക്കാണ്'; മോദിയെ വിമർശിച്ച ഉവൈസിക്കെതിരേ കേസെടുത്ത് യു.പി പൊലീസ്
text_fieldsലഖ്നൗ: യു.പി സന്ദർശിക്കുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരേ കേസെടുത്ത് യു.പി പൊലീസ്. സാമുദായിക സൗഹാർദ്ദം തകർത്തതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസെടുത്തത്. ഇലക്ഷനോടനുബന്ധിച്ചാണ് ഉവൈസി മൂന്ന് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനത്തിനെത്തിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കാൻ എ.ഐ.എം.ഐ.എം പദ്ധതിയിടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് സാമുദായിക സൗഹാർദ്ദം നശിപ്പിച്ചെന്ന പേരിൽ കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി എ.ഐ.എം.ഐ.എം റാലിക്കുശേഷം ബരാബങ്കി സിറ്റി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് യമുനാ പ്രസാദ് പറഞ്ഞു. വ്യാഴാഴ്ച കത്ര ചന്ദനയിൽ നടന്ന പാർട്ടി റാലിയിൽ വൻ ജനക്കൂട്ടത്തെ പെങ്കടുപ്പിച്ചുകൊണ്ട് ഹൈദരാബാദ് എംപി കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിലാണ് ഉവൈസി റാലികളിൽ ആക്രമിച്ചത്. ഏഴ് വർഷം മുമ്പ് മോദി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ "ഹിന്ദു രാഷ്ട്രമായി" മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖിനെതിരായ നിയമത്തെ പരാമർശിച്ചുകൊണ്ട്, ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ മാറ്റാൻ പ്രധാനമന്ത്രി മോദി ഇടപെടാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
'മുസ്ലീം സ്ത്രീകൾക്കെതിരായ അനീതികളെക്കുറിച്ച് ബിജെപി നേതാക്കൾ സംസാരിക്കുന്നു. പക്ഷേ വിവാഹമോചനത്തിന് വിധേയരായ ഹിന്ദു സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല'-ഉവൈസി പറഞ്ഞു. 'എെൻറ സഹോദരി (പ്രധാനമന്ത്രി മോദിയുടെ ഭാര്യ) ഗുജറാത്തിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പക്ഷേ അവരുടെ ദുരവസ്ഥ മാറ്റാൻ ആരുമില്ല'-അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ മുതൽ മതേതരത്വം തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.