‘മുസ്ലിം വെറുപ്പ് പ്രചരിപ്പിക്കുന്നതാണോ ദേശീയോദ്ഗ്രഥനം’; കശ്മീർ ഫയൽസിന് പുരസ്കാരം നൽകിയതിനെതിരേ ഉവൈസി
text_fieldsമികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് ദേശീയ അവാര്‍ഡ് വിവാദ ചിത്രമായ 'ദ കശ്‍മീര്‍ ഫയല്‍സി'ന് നല്‍കിയതിനെ വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ‘മുസ്ലിം വെറുപ്പ് പ്രചരിപ്പിക്കുന്നതാണോ ദേശീയോദ്ഗ്രഥനം’ എന്നും അദ്ദേഹം ഹൈദരാബാദിൽ ചോദിച്ചു.
‘ആ സിനിമ ദേശീയോദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? സിനിമയുടെ പ്രദർശനത്തിന് ശേഷം മുസ്ലീങ്ങളെ അധിക്ഷേപിക്കുകയും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. കശ്മീരികളും അധിക്ഷേപിക്കപ്പെട്ടു. മുസ്ലിം വെറുപ്പ് പ്രചരിപ്പിക്കുന്നതാണോ ദേശീയോദ്ഗ്രഥന പുരസ്കാരം നൽകുന്നത്’- ഉവൈസി പറഞ്ഞു.
ഈ സിനിമ ഫിക്ഷനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. കേരള സ്റ്റോറിയും അങ്ങിനെതന്നെ. പ്രധാനമന്ത്രി അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നു. സിനിമകളെ പ്രോത്സാഹിപ്പിക്കലാണോ പ്രധാനമന്ത്രിയുടെ ജോലി. സമൂഹത്തിൽ വിദ്വേഷം പരത്തുകയും തെറ്റായ ആഖ്യാനം സൃഷ്ടിക്കുകയും ചെയ്യുന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥന അവാർഡ് നൽകി ആദരിക്കുകയാണെന്നും ഉവൈസി പറഞ്ഞു.
രാജ്യത്തിന്റെ വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടി നിലകൊണ്ട നർഗീസ് ദത്ത് എന്ന വനിതയുടെ പേരിലാണ് പുരസ്കാരമെന്നത് വൈരുധ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഉവൈസിയെ കൂടാതെ നിരവധി രാഷ്ട്രീയ നേതാക്കളും ചിത്രത്തിന് പുരസ്കാരം നൽകിയതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.
‘വിവാദ ചിത്രമെന്ന നിലയിൽ നിഷ്പക്ഷ സിനിമാ നിരൂപകർ അവഗണിച്ച ഒരു ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ലഭിച്ചത് ആശ്ചര്യകരമാണ്. സാഹിത്യ-ചലച്ചിത്ര പുരസ്കാരങ്ങളിൽ രാഷ്ട്രീയ പക്ഷപാതം ഇല്ലാതായാൽ കാലാതീതമായ ബഹുമതിയാകും. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ പുരസ്കാരങ്ങളുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യരുത്’ -തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. തമിഴിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കടൈശി വ്യവസായിയിലെ അണിയറപ്രവർത്തകരെയും മറ്റ് അവാർഡ് ജേതാക്കളെയും സ്റ്റാലി അഭിനന്ദിച്ചു.
അല്ലു അർജുനാണ് ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ‘പുഷ്പ’യിലെ പ്രകടനത്തിനാണ് പുരസ്കാരം. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’യിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മികച്ച ഫീച്ചർ ചിത്രമായി മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ആർ. മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി ഇഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം 'ഗോദാവരി'ക്കാണ് പുരസ്‌കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.