ഉവൈസിയുടെ പാർട്ടി തമിഴ്നാട്ടിൽ മത്സരിക്കും; കമൽഹാസനുമായി കൈകോർക്കാൻ നീക്കം
text_fieldsഹൈദരാബാദ്: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം). നടൻ കമൽ ഹാസെൻറ മക്കൾ നീതി മയ്യവുമായി സഖ്യത്തിലേർപ്പെട്ട് എ.ഐ.എം.ഐ.എം തമിഴ്നാട്ടിൽ മത്സരിക്കുമെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2021 ഏപ്രിലിലോ മേയിലോ ആകും തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്.
തമിഴ്നാട്ടിൽ കുറഞ്ഞത് 25 മണ്ഡലങ്ങളിലെങ്കിലും മത്സരിക്കാനാണ് ഉവൈസിയുടെ പദ്ധതിയെന്ന് എ.ഐ.എം.ഐ.എം വൃത്തങ്ങളെ ഉദ്ധരിച്ച് 'ന്യൂസ്18' റിപ്പോർട്ട് ചെയ്തു. പാർട്ടി സംസ്ഥാന ഭാരവാഹികളുമായി ഉവൈസി തിങ്കളാഴ്ച ചർച്ച നടത്തി. ഹൈദരാബാദിലായിരുന്നു ചർച്ച.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തീർച്ചയായും മത്സരിക്കുമെന്ന് തിങ്കളാഴ്ച കമൽഹാസനും വ്യക്തമാക്കിയിട്ടുണ്ട്. ഏതു മണ്ഡലത്തിലാണ് താൻ ജനവിധി നേടുകയെന്നത് പിന്നീട് വ്യക്തമാക്കാമെന്നും കമൽ പറഞ്ഞു. അതേസമയം, ഉവൈസിയുമായി സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട് കമൽഹാസെൻറ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
നാഥുറാം ഗോഡ്സെയെ ഭീകരനെന്ന് വിശേഷിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ സമാന അഭിപ്രായ പ്രകടനം നടത്തിയ കമലും ഉവൈസിയും ഒന്നിക്കാൻ സാധ്യതയേറെയാണെന്ന് 'ന്യൂസ്18' റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഈയിടെ 20 സീറ്റിൽ മത്സരിച്ച എ.ഐ.എം.ഐ.എം അഞ്ചു സീറ്റിൽ ജയിച്ച് വാർത്ത സൃഷ്ടിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഹൈദരാബാദ് കോർപേറഷൻ തെരഞ്ഞെടുപ്പിൽ പാർട്ടി 44 സീറ്റ് നേടി.
2011ലെ സെൻസസ് പ്രകാരം 5.86 ശതമാനം മുസ്ലിം ജനസംഖ്യയുള്ള തമിഴ്നാട്ടിൽ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലായിരിക്കും പാർട്ടി മത്സരിക്കുക. വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, കൃഷ്ണഗിരി, രാമനാഥപുരം, പുതുക്കോെട്ടെ, ട്രിച്ചി, മധുര, തിരുനൽവേലി എന്നിവയാണ് മുസ്ലിം ജനസംഖ്യ കൂടുതലുള്ള ജില്ലകൾ. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, ഐ.എൻ.എൽ, മനിതനേയ മക്കൾ കക്ഷി, മനിതനേയ ജനനായക കക്ഷി, തമിഴ്നാട് തൗഹീദ് ജമാഅത്ത് തുടങ്ങി ചെറു മുസ്ലിം പാർട്ടികൾ വിവിധ മുന്നണികളിലായി സാന്നിധ്യമറിയിക്കുന്ന തമിഴ്നാട്ടിൽ കരുത്തുകാട്ടുകയാണ് ഉവൈസിയുടെ ലക്ഷ്യം. മത്സരിക്കുന്ന സീറ്റുകളുടെ സാധ്യതയറിയാൻ പാർട്ടി സർവേ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡൻറ് വകീൽ അഹ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.