ആർ.എസ്.എസുകാരനാണെങ്കിൽ ഒരു ഉദ്യോഗസ്ഥനും രാജ്യത്തോട് കൂറ് പുലർത്താനാവില്ലെന്ന് ഉവൈസി
text_fieldsന്യൂഡൽഹി: ആർ.എസ്.എസുകാരനാണെങ്കിൽ ഒരു ഉദ്യോഗസ്ഥനും രാജ്യത്തോട് കൂറ് പുലർത്താനാവില്ലെന്ന് എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാൻ അനുമതി നൽകിയ മോദി സർക്കാറിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സർക്കാർ ജീവനക്കാർ ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള വിലക്ക് സർക്കാർ നീക്കിയതായി ഉത്തരവിൽ പറയുന്നു. ശരിയാണെങ്കിൽ, ഈ നടപടി ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും എതിരാണ്. ഭരണഘടനയും ദേശീയ പതാകയും ദേശീയ ഗാനവും അംഗീകരിക്കാൻ ആദ്യം വിസമ്മതിച്ചവരാണവർ. ഓരോ ആർ.എസ്.എസുകാരനും ഹിന്ദുത്വത്തെ രാജ്യത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്ന പ്രതിജ്ഞയെടുക്കുന്നു. ആർ.എസ്.എസുകാരനാണെങ്കിൽ ഒരു ഉദ്യോഗസ്ഥനും രാജ്യത്തോട് കൂറ് പുലർത്താൻ കഴിയില്ല’ -ഉവൈസി എക്സിൽ കുറിച്ചു.
സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകുന്നതിനുള്ള 58 വർഷം പഴക്കമുള്ള വിലക്കാണ് മോദി സർക്കാർ നീക്കിയത്. 1966ൽ കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് ജൂലൈ ഒമ്പതിന് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവിലൂടെ പിൻവലിച്ചത്.
വിലക്ക് നീക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ ഉത്തരവ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചായിരുന്നു ജയറാം രമേശിന്റെ വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വര്‍ഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നത്. ഗാന്ധി വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ സർദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍.എസ്.എസിനു മേല്‍ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട്, നല്ലനടപ്പ് ഉറപ്പ് നല്‍കിയതോടെ നിരോധനം നീക്കി. ഇതിന് ശേഷവും നാഗ്പൂരില്‍ ആര്‍.എസ്.എസ് പതാക പറത്തിയിട്ടില്ല. ബ്യൂറോക്രസിക്ക് ഇപ്പോൾ നിക്കറിലും വരാൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ആർ.എസ്.എസ് പ്രതികരിച്ചു. കേന്ദ്ര സർക്കാർ നടപടി കോൺഗ്രസ് വിവാദമാക്കിയതിന് പിന്നാലെയാണ് ആർ.എസ്.എസ് പ്രതികരണം.
‘കോൺഗ്രസ് സർക്കാർ യാതൊരു അടിസ്ഥാനവുമില്ലാതെയാണ് തങ്ങളുടെ രാഷ്ട്രീയ താൽപര്യത്തിനായി സർക്കാർ ജീവനക്കാരെ ആർ.എസ്.എസ് പ്രവർത്തനങ്ങളിൽനിന്ന് വിലക്കിയിരുന്നത്. കഴിഞ്ഞ 99 വർഷമായി രാഷ്ട്ര പുനർനിർമാണ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും തുടർച്ചയായി ഇടപെടുന്ന സംഘടനയാണ് രാഷ്ട്രീയ സ്വയം സേവക് സംഘം. ദേശസുരക്ഷ, ഐക്യം, പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലെ സേവനം എന്നിവയിൽ സംഘടനക്ക് നിരവധി നേതാക്കളുടെ പ്രശംസ പിടിച്ചുപറ്റാനായിട്ടുണ്ട്’ -ആർ.എസ്.എസ് പബ്ലിസിറ്റി മേധാവി സുനിൽ അംബേദ്കർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാറിന്റെ നടപടി പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 58 വര്‍ഷം മുമ്പ് നടപ്പാക്കിയ ഭരണഘടന വിരുദ്ധമായ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും ഇത് സ്വാഗതാര്‍ഹമാണെന്നുമായിരുന്നു ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.