രാം മന്ദിർ ഭൂമി പൂജ: മോദി പങ്കെടുക്കരുതെന്ന ഉവൈസിയുടെ പ്രസ്താവനയിൽ ചൊടിച്ച് ബി.ജെ.പി
text_fieldsഹൈദരാബാദ്: പ്രധാനമന്ത്രി എന്ന നിലയിൽ മോദി രാം മന്ദിർ ഭൂമി പൂജയിൽ പങ്കെടുക്കരുതെന്ന മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവനയിൽ ചൊടിച്ച് ബി.ജെ.പി. മോദി പങ്കെടുക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും കഴിഞ്ഞ ദിവസം ഉവൈസി പറഞ്ഞിരുന്നു. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. പിന്നാലെയാണ് തെലങ്കാന ബി.ജെ.പി നേതാവ് കൃഷ്ണ സാഗർ റാവു ഉവൈസിയോട് പൂജയിൽ പങ്കെടുത്ത് മതേതരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
‘ശിലാസ്ഥാപക ചടങ്ങിൽ മോദി പങ്കെടുക്കരുത്. പങ്കെടുത്താൽ അത് ഭരണഘടനയോട് ചെയ്യുന്ന വെല്ലുവിളിയാണ്. അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്, ഒരു പ്രത്യേക വിഭാഗത്തിന്‍റെ മാത്രം പ്രതിനിധി അല്ല. പ്രധാനമന്ത്രി പദവി മാറ്റി നിർത്തി വ്യക്തി എന്ന നിലയിൽ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്നതിനെ എതിർക്കാനാവില്ല. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടകം എന്നത് മതേതരത്വമാണ്’-ഇതായിരുന്നു ഉവൈസിയുടെ പ്രസ്താവന.
അടുത്ത മാസം അഞ്ചിനാണ് രാം മന്ദിര്‍ ട്രസ്റ്റ് രാമ ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി ഭൂമി പൂജ നടത്തുന്നത്. പുരാതന രാമക്ഷേത്രത്തിന്‍റെ സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് 1992ല്‍ കര്‍ സേവകരാണ് ബാബരി പൊളിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.