'ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുമ്പോഴും മുഖ്യമന്ത്രിക്കും ഭരണകക്ഷിക്കും മൗനം മാത്രം'; ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാരിനെ വിമർശിച്ച് ഉവൈസി
text_fieldsറാഞ്ചി: ജാർഖണ്ഡിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുമ്പോഴും ഹേമന്ത് സോറൻ സർക്കാർ മൗനം പാലിക്കുകയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. സംസ്ഥാനത്ത് ആൾക്കുട്ട കൊലപാതകങ്ങളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. താൻ അധികാരത്തിലെത്തിയ ശേഷം ആൾക്കൂട്ട കൊലപാതകം നടന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മറവികൊണ്ടാകാമെന്നും ഉവൈസി പരിഹസിച്ചു.
'2019ൽ തന്‍റെ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടായിട്ടില്ലെന്ന് സോറൻ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ജോലിത്തിരക്കായതിനാൽ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളെ അദ്ദേഹം മറന്നതാകാം. പക്ഷേ സിക്കിനി ഗ്രാമത്തിലെ ഷൻഷാദ് അൻസാരിയുടെ കൊലപാതകം അദ്ദേഹത്തെ ഓർമിപ്പിക്കേണ്ടതുണ്ട്' - ഉവൈസി പറഞ്ഞു.
ആഗസ്റ്റ് 22നായിരുന്നു ഷൻഷാദ് അൻസാരി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഗ്രാമവാസിയിൽ നിന്നും 22000 രൂപ കബളിപ്പിച്ചെന്നാരോപിച്ചായിരുന്നു മർദനം. അൻസാരിയുടെ കുടുംബം തന്നെ കാണാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അവരെ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നുവെന്നും ഉവൈസി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനത്തിന് കേന്ദ്രം 155 കോടി രൂപ ജാർഖണ്ഡിന് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതിനായി ചെലവഴിച്ചത് അഞ്ച് കോടി രൂപ മാത്രമാണ്. സംസ്ഥാനത്ത് തൊഴിൽ ക്ഷാമം രൂക്ഷമായതിനാൽ യുവാക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.