പാർലമെന്റ് ഉദ്ഘാടനം മോദിയുടെ 'സെൽഫ് പ്രമോഷൻ' നടപടി; പുതിയ മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിക്കേണ്ടിയിരുന്നില്ല -ആർ.ജെ.ഡിയെ വിമർശിച്ച് ഉവൈസി
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച ആർ.ജെ.ഡിയെ വിമർശിച്ച് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവൈസി. ''ആർ.ജെ.ഡിക്ക് ഒരു നിലപാടില്ല. പഴയ പാർലമെന്റ് കെട്ടിടത്തിന് അഗ്നിശമന സേനപോലും ക്ലിയറൻസ് നൽകിയിരുന്നില്ല. എന്തുകൊണ്ടാണ് അവർ പാർലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ചത്. അവർക്ക് മറ്റെന്തൊക്കെ പറയാമായിരുന്നു. എന്തിനാണ് വിമർശനം ഈ തലത്തിലേക്ക് കൊണ്ടുവന്നത്?''-ഉവൈസി ചോദിച്ചു.
ഒരു കാലത്ത് ബി.ജെ.പിയുടെ അണിയായിരുന്ന നിതീഷ്‍കുമാറുമായി കൂട്ടുകൂടിയ ആർ.ജെ.ഡി മതേതര പാർട്ടിയാണ് അഭിപ്രായമില്ലെന്നും ഉവൈസി തുറന്നടിച്ചു. പുതിയ പാർലമെന്റ് കെട്ടിടം ആവശ്യമാണ്. മുമ്പ് പഴയ പാർലമെന്റ് കെട്ടിടത്തിലെ പാർട്ടി ഓഫിസിലിരുന്ന് സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് ഭക്ഷണം കഴിക്കവെ, സീലിങ് ഇടിഞ്ഞുവീണ സംഭവവും ഉവൈസി ചൂണ്ടിക്കാട്ടി.
ലോക്സഭയുടെ പരിപാലകൻ സ്പീക്കറാണ്, പ്രധാനമന്ത്രിയല്ല. അതിനാൽ പുതിയ പാർലമെന്റ് മന്ദിരം സ്പീക്കർ ഉദ്ഘാടനം ചെയ്യുന്നതാണ് ഏറ്റവും നല്ലത് എന്നും ഉവൈസി അഭിപ്രായപ്പെട്ടു. എന്നാൽ താനാണ് എല്ലാം ചെയ്യുന്നത് എന്ന് എല്ലാവരെയും കാണിക്കുകയാണ് പ്രധാനമന്ത്രിയുടെ ആവശ്യം. 2014നു മുമ്പ് നമ്മുടെ രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ എല്ലാമുണ്ടായത് ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷമാണ് എന്ന് വരുത്തിത്തീർക്കാനാണ് മോദിയുടെ ശ്രമം. ഇത് സ്വന്തം നിലക്ക് പ്രധാനമന്ത്രി നടത്തുന്ന വ്യക്തിഗത പ്രമോഷൻ കൂടിയാണ്.-ഉവൈസി കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിന്റെ നാശത്തെ സൂചിപ്പിച്ചാണ് പാർലമെന്റിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം പങ്കുവെച്ചതെന്നാണ് ആർ.ജെ.ഡി നേതാവ് ശക്തി സിങ് യാദവ് പറഞ്ഞത്. രാജ്യത്തെ ജനാധിപത്യം ശവപ്പെട്ടിയിൽ അടക്കം ചെയ്തുവെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.