‘ബംഗ്ലാദേശി ഹിന്ദുക്കളോടുള്ള മോശം പെരുമാറ്റത്തിൽ ഇന്ത്യൻ മുസ്ലിംകൾക്ക് എന്താണ് ബന്ധം?’; യോഗിക്കെതിരെ ഉവൈസി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭൽ സംഭവത്തെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ആക്രമവുമായി താരതമ്യം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ബംഗ്ലാദേശി ഹിന്ദുക്കളോട് മോശമായി പെരുമാറുന്നതിൽ ഇന്ത്യൻ മുസ്ലിംകൾക്ക് എന്താണ് ബന്ധമെന്ന് ഉവൈസി ചോദിച്ചു.
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ കേന്ദ്ര സർക്കാർ എന്തുകൊണ്ട് തിരിച്ചയച്ചില്ലെന്നും ഉവൈസി എക്സിലൂടെ ചൂണ്ടിക്കാട്ടി.
'ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെയും ബാബരി മസ്ജിദിനെയും സംഭലിനെയും കുറിച്ച് യോഗി ഇന്ന് തെറ്റായ ചില പരാമർശങ്ങൾ നടത്തി. ഒരിടത്തും ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടരുത്. എന്നാൽ, ബംഗ്ലാദേശി ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത് ഇന്ത്യൻ മുസ്ലിംകളുമായി എന്ത് ബന്ധമാണ്? അതോ ഇവിടുത്തെ മുസ്ലിംകളെ ബന്ദികളാക്കണം എന്നാണോ അദ്ദേഹം സൂചിപ്പിക്കുന്നത്? ബംഗ്ലാദേശി ന്യൂനപക്ഷങ്ങളെ കുറിച്ച് അദ്ദേഹത്തിന് അത്രയേറെ ആശങ്കയുണ്ടെങ്കിൽ, നിങ്ങൾ എന്തുകൊണ്ട് ഷേഖ് ഹസീനയെ തിരിച്ചയച്ചുകൂടാ? എന്തുകൊണ്ടാണ് അവർ ഇന്ത്യയിൽ താമസിക്കുന്നത്?'-ഉവൈസി ചോദിച്ചു.
'ക്ഷേത്രം തകർത്താണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചു. 1877-79ൽ സംഭൽ ജുമാ മസ്ജിദിന്‍റെ കേസും പരിഹരിച്ചു. സംഭലിലെ ജുമ മസ്ജിദ് ഒരു പള്ളിയാണെന്നും അവിടെ ക്ഷേത്രമില്ലെന്നും അവിടെ ഹിന്ദു ആരാധന നടക്കുന്നില്ലെന്നും കോടതികൾ വ്യക്തമാക്കിയിരുന്നു. യോഗിയുടെ കടയിൽ സത്യത്തിന് യാതൊരു വിലയുമില്ല. എന്നാൽ, ഇതിനർഥം ഞങ്ങൾ അദ്ദേഹത്തെ നിശബ്ദമായി വിശ്വസിക്കും എന്നല്ല.'
മസ്ജിദുകളെ ക്ഷേത്രങ്ങളാക്കി മാറ്റുന്ന ഈ കേസുകൾ 'ബി.ജെ.പി സ്പോൺസർ' ആണെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവന വ്യക്തമാക്കുന്നു. ഒരു കേസ് സബ് ജുഡീഷ്യൽ ആകുമ്പോൾ അതിനെ സ്വാധീനിക്കാൻ ആർക്കും അവകാശമില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അയോധ്യയിലെ രാമകഥാ പാർക്കിൽ രാമായണമേളയുടെ ഉദ്ഘാടന ചടങ്ങിലാണ് ബംഗ്ലാദേശിനെയും ബാബരി മസ്ജിദിനെയും സംഭലിനെയും കൂട്ടിക്കെട്ടി യോഗി ആദിത്യനാഥ് സംസാരിച്ചത്. 500 വർഷം മുമ്പ് അയോധ്യയിൽ ബാബർ ചെയ്തത് തന്നെയാണ് സംഭലിലും സംഭവിച്ചതെന്നും ബംഗ്ലാദേശിലും അതാണ് സംഭവിക്കുന്നതെന്നുമാണ് യോഗി പറഞ്ഞത്.
മൂന്നു പേരുടെയും സ്വഭാവവും അവരുടെ ഡി.എൻ.എയും ഒന്നു തന്നെയാണ്. ബംഗ്ലാദേശിൽ ഇത് സംഭവിക്കുന്നുവെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ, അതേ ഘടകങ്ങൾ നിങ്ങളെ കൈമാറാൻ ഇവിടെയും കാത്തിരിക്കുന്നു. സാമൂഹിക ഐക്യം തകർക്കാൻ അവർ മുഴുവൻ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട് -യോഗി ആരോപിച്ചു.
ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്തുന്നതിനെതിരെ ഉത്തർപ്രദേശിലെ സംഭലിൽ പ്രതിഷേധിച്ചവരെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയിൽ രൂക്ഷ പ്രതികരണമാണ് അസദുദ്ദീൻ ഉവൈസി നടത്തിയത്. പൊലീസ് വെടിവെപ്പിനെ ശക്തമായി അപലപിച്ച ഉവൈസി, നിങ്ങൾക്ക് എത്ര മനുഷ്യരുടെ രക്തം വേണമെന്ന് എക്സിലെ കുറിപ്പിൽ ചോദിച്ചു.
മൂന്നു പേരെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.