ഉവൈസിയുടെ സ്ഥാനാർഥി ഭീഷണിയല്ല; ജനം ഒപ്പമുണ്ടെന്ന് അസ്ഹറുദ്ദീൻ
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർ തന്റെ കുറ്റിതെറിപ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് ജൂബിലി ഹിൽസിൽ മത്സരിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. കോൺഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകൾ തട്ടിയെടുക്കാൻ അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
ഭരണകക്ഷിയായ ബി.ആർ.എസുമായി സഖ്യത്തിലാണെങ്കിലും കോൺഗ്രസിന്റെ തോൽവി ഉറപ്പാക്കാൻ എ.ഐ.എം.ഐ.എം സ്ഥാനാർഥിയെ അവതരിപ്പിക്കുകയായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നിലവിലെ എം.എൽ.എയായ എം. ഗോപിനാഥാണ് ബി.ആർ.എസ് സ്ഥാനാർഥി.
മുഹമ്മദ് റഷീദ് ഫറാസുദ്ദീനെ എ.ഐ.എം.ഐ.എം രംഗത്തിറക്കി. മറ്റുള്ളവർ എന്ത് ചെയ്യുന്നുവെന്നതിൽ ആശങ്കയില്ലെന്നും ജൂബിലി ഹിൽസിലെ ജനങ്ങൾ പാറപോലെ തനിക്ക് പിന്നിൽ ഉറച്ചുനിൽക്കുമെന്നും അസ്ഹറുദ്ദീൻ പറഞ്ഞു. ജനങ്ങൾക്ക് തന്നെ ആവശ്യമുണ്ടെന്നും ക്രിക്കറ്റ് സൂപ്പർ സ്റ്റാർ അവകാശപ്പെട്ടു . പ്രചാരണം ഗംഭീരമായി മുന്നോട്ടുപോകുന്നുണ്ട്. ജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് കിട്ടുന്നത്- അസ്ഹർ വ്യക്തമാക്കി.
പത്തു വർഷമായി ജൂബിലി ഹിൽസിൽ സാമൂഹിക വിരുദ്ധർ തഴച്ചുവളരുന്നതല്ലാതെ വികസനമുണ്ടായിട്ടില്ലെന്ന് തെലങ്കാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കൂടിയായ അസ്ഹറുദ്ദീൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് തെലങ്കാനയിൽ സർക്കാർ രൂപവത്കരിക്കും.
അതേസമയം, എം.ഐ.എം സ്ഥാനാർഥി കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ആർ.എസിന് നേട്ടമുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ തെലങ്കപ്പള്ളി രവി പറഞ്ഞു. ചില ആരോപണങ്ങൾ നേരിടുന്നതിനാൽ അസ്ഹറുദ്ദീന് ഏകപക്ഷീയ വിജയം ഉറപ്പില്ല. ശക്തമായ മത്സരമുണ്ടാകുമെന്നും രവി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സർക്കാർ അസ്ഹറിനെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തത്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഫണ്ട് തിരിമറി നടത്തിയെന്നാണ് ആരോപണം.
അസോസിയേഷൻ മുൻ പ്രസിഡന്റാണ് താരം. ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തന്റെ വിലകളയാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു. 2009ൽ യു.പിയിലെ മൊറാദാബാദ് ലോക്സഭ സീറ്റിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ അസ്ഹറുദ്ദീൻ ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.