ഹൈദരാബാദിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ഉവൈസിയുടെ തോൽവി ഉറപ്പ് -കോൺഗ്രസ്
text_fieldsഹൈദരാബാദ്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ ഹൈദരാബാദിൽനിന്ന് മത്സരിക്കാൻ വെല്ലുവിളിച്ച ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസിക്ക് മറുപടിയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധി ഹൈദരാബാദിൽ മത്സരിച്ചാൽ ഉവൈസിയുടെ തോൽവി സുനിശ്ചിതമാണെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടി.പി.സി.സി) സീനിയർ വൈസ് പ്രസിഡന്റ് ജി. നിരഞ്ജൻ പറഞ്ഞു.
“ഹൈദരാബാദിലെ വോട്ടർമാർ, പ്രത്യേകിച്ച് മുസ്‍ലിം വോട്ടർമാർ, എ.ഐ.എം.ഐ.എം പാർട്ടിയോടും അതിന്റെ നേതാക്കളോടും കടുത്ത അമർഷത്തിലാണ്. അവരെ ഒരു പാഠം പഠിപ്പിക്കാൻ കാത്തിരിക്കുകയാണ് വോട്ടർമാർ’ -നിരഞ്ജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്ര ജനങ്ങൾക്കിടയിൽ സ്‌നേഹവും സൗഹാർദവും ഊട്ടിയുറപ്പിച്ചു. തന്നെ കുറിച്ച് വലിയവായിൽ സംസാരിക്കുന്ന ഉവൈസി, തന്റെ മണ്ഡലത്തിൽ കഴിഞ്ഞ തവണ വോട്ടിംഗ് ശതമാനം കുറഞ്ഞത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തണം -അദ്ദേഹം കൂട്ടിച്ചേർത്തു.
‘വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ലാതെ ഹൈദരാബാദിൽ വന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ ഞാൻ വെല്ലുവിളിക്കുകയാണ്. വൻ വാഗ്ദാനങ്ങൾ നൽകുന്നത് തുടർന്നുകൊണ്ട് രാഹുൽ എനിക്കെതിരെ മത്സരിക്കൂ. ഞാൻ തയാറാണ്. രാജ്യം കോൺഗ്രസ് ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് തകർത്തത്' -എന്നായിരുന്നു ഹൈദരാബാദിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉവൈസി പറഞ്ഞത്.
ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപവത്കരിച്ച ഇൻഡ്യ സഖ്യത്തിൽ ഉവൈസിയെ ക്ഷണിച്ചിരുന്നില്ല. അസദുദ്ദീൻ ഉവൈസിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും മോദിയുടെ ഇഷ്ടക്കാരാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാക്കന്മാരെല്ലാം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുമ്പോൾ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനും എ.ഐ.എം.ഐ.എം നേതാക്കൾക്കുമെതിരെ ഒറ്റ കേസുമില്ലെന്നും പ്രധാനമന്ത്രി അവരെ പരിഗണിക്കുന്നത് സ്വന്തക്കാരായാണെന്നുമായിരുന്നു രാഹുലിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.