സ്വന്തം വിദ്യാഭ്യാസ നയം: കർണാടക നടപടികൾ തുടങ്ങി
text_fieldsബംഗളൂരു: രാജ്യത്തെ എല്ലാവർക്കും ഏകവ്യക്തി നിയമംപോലെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരൊറ്റ വിദ്യാഭ്യാസ നയം എന്ന കേന്ദ്ര സർക്കാറിന്റെ നടപടികൾക്ക് കർണാടകയിൽ തിരുത്ത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി) പകരമായി സ്വന്തമായി സംസ്ഥാന വിദ്യാഭ്യാസ നയം (എസ്.ഇ.പി) രൂപവത്കരിക്കാനുള്ള നടപടികൾ കോൺഗ്രസ് സർക്കാർ തുടങ്ങി.
എൻ.ഇ.പി കർണാടകയിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതായും പകരമായി വിദഗ്ധ സംഘത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് സ്വന്തമായി വിദ്യാഭ്യാസ നയം (എസ്.ഇ.പി) തയാറാക്കുമെന്നും മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. എൻ.ഇ.പി ഏകപക്ഷീയവും രാജ്യത്തിന്റെ വൈജാത്യങ്ങൾ ഉൾക്കൊള്ളാത്തതുമാണെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയും പറഞ്ഞു.
എൻ.ഇ.പി നടപ്പാക്കില്ലെന്നും പ്രാദേശിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് സംസ്ഥാനം സ്വന്തമായി നയം രൂപവത്കരിക്കുമെന്നും കഴിഞ്ഞ ദിവസം ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. എൻ.ഇ.പി ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനെതിരാണെന്നും നിരവധി മതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുള്ള രാജ്യത്തിന് ഉചിതമല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 2020ലാണ് രാജ്യത്താകമാനമുള്ള വിദ്യാഭ്യാസ മേഖല പിന്തുടരേണ്ട ചട്ടങ്ങളുള്ള ഏകവിദ്യാഭ്യാസ നയം (എൻ.ഇ.പി) കേന്ദ്രസർക്കാർ കൊണ്ടുവന്നത്.
2021 ആഗസ്റ്റിൽ മുൻ ബി.ജെ.പി സർക്കാറാണ് രാജ്യത്ത് ആദ്യമായി കർണാടകയിൽ എൻ.ഇ.പി നടപ്പാക്കിയത്. തുടർന്ന് മധ്യപ്രദേശും ഉത്തർപ്രദേശും സമാന നടപടികൾ സ്വീകരിച്ചിരുന്നു. എൻ.ഇ.പിക്ക് അനുസരിച്ച് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരിക്കാൻ ബി.ജെ.പി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ മുട്ടയും ഇറച്ചിയും വേണ്ടെന്നും സസ്യാഹാരമാണ് വേണ്ടതെന്നുമടക്കമുള്ള നിർദേശങ്ങളായിരുന്നു സമിതിയുടേത്. മുട്ടയും ഇറച്ചിയും ആരോഗ്യം മോശമാക്കും, പരമ്പരാഗത ഭക്ഷണരീതിയാണ് നല്ലത്, ഇത് വെജിറ്റേറിയൻ ഭക്ഷണമാണ് തുടങ്ങിയവയായിരുന്നു സമിതി നിർദേശങ്ങൾ.
വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് യോഗ നല്ലതാണ്, മൃഗാധിഷ്ഠിത ഭക്ഷണത്തിനു പകരം സസ്യാധിഷ്ഠിത ആഹാരം ശീലമാക്കണം തുടങ്ങി ശാസ്ത്രീയമായ തെളിവുകളില്ലാത്ത നിരവധി കാര്യങ്ങളാണ് സമിതി റിപ്പോർട്ടിലുള്ളതെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധർ അറിയിച്ചിരുന്നു. ഭാഷാപഠനം, വിദ്യാർഥികളെ പഠിപ്പിക്കുന്നതിനുള്ള ഭാഷ, ഇന്ത്യയെ കുറിച്ചുള്ള അറിവ് എന്നിവ സംബന്ധിച്ച നിർദേശങ്ങളും എതിർപ്പിനിടയാക്കിയിരുന്നു.
അഞ്ചാം ക്ലാസ് വരെ നിർബന്ധമായും അല്ലെങ്കിൽ എട്ടാം ക്ലാസും അതിനും മുകളിലും വരെയുള്ള കുട്ടികളെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ പഠിപ്പിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്. ശാസ്ത്രീയ അറിവുകൾക്കു പകരം കെട്ടുകഥകൾ അടങ്ങിയ പൗരാണിക ഇന്ത്യൻ അറിവുകൾ സ്കൂളിൽ പഠിപ്പിക്കുകയും സത്യമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയായിരിക്കും എൻ.ഇ.പി നടപ്പാക്കിയാൽ സംജാതമാവുകയെന്നും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.