കോവിഡിൽ ശ്വാസം പിടയുന്ന നാടിന് 'ഓക്സിജൻ അടുക്കള'യൊരുക്കി ഗുരുദ്വാര
text_fieldsഗാസിയാബാദ്: ഡൽഹിയും പരിസരങ്ങളും കോവിഡ് പിടിച്ച് ഓക്സിജൻ കിട്ടാക്കനിയായി ശ്വാസംമുട്ടുേമ്പാൾ മനുഷ്യർക്ക് ആശ്വാസം പകർന്ന് ഒാക്സിജൻ അടുക്കളയുമായി പരിസരത്തെ ഗുരുദ്വാര സമിതി. ഗാസിയാബാദിനടുത്തെ ഇന്ദീരപുരം ഗുരുദ്വാരയോടു ചേർന്നാണ് ഓക്സിജൻ ആവശ്യക്കാർക്ക് സിലിണ്ടർ വിതരണത്തിന് 'ഓക്സിജൻ ലാംഗർ' തുറന്നത്.
വീടുകളിൽ കൊണ്ടുപോകാൻ മാത്രം ശേഖരമില്ലാത്തതിനാൽ രോഗികൾക്ക് ഇവിടെയെത്തി ശരീര സ്ഥിതി സാധാരണനിലയിലെത്തുംവരെ ഓക്സിജൻ എടുക്കാം. ഇതുവരെയായി 250 കോവിഡ് രോഗികൾക്ക് ആശ്വാസം പകരാനായെന്ന് സംഘാടകർ പറയുന്നു.
വെള്ളിയാഴ്ച വിവരമറിഞ്ഞ് നിരവധി കുടുംബങ്ങളാണ് വാഹനങ്ങളിലും അല്ലാതെയും ഗുരുദ്വാരക്കു സമീപം എത്തി സേവനം പ്രയോജനപ്പെടുത്തിയത്. വാഹനങ്ങളിൽ ഇരുന്ന രോഗികൾക്ക് സമീപത്തെ സിലിണ്ടറുകളിൽനിന്ന് ഓക്സിജൻ സ്വീകരിക്കാൻ സൗകര്യവുമൊരുക്കി നൽകി.
25 വലിയ സിലിണ്ടറുകളാണ് ഗുരുദ്വാരയിൽ എത്തിച്ചത്. എന്നാൽ, ശരാശരി 500 ലേറെ രോഗികൾ ആവശ്യക്കാരുള്ളതിനാൽ ഇത് മതിയാകില്ലെന്നതാണ് പ്രശ്നം.
ആവശ്യക്കാർക്ക് ഏതുനിമിഷവും ബന്ധപ്പെടാൻ സംഘാടകർ ഫോൺ നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്. തിരക്കുള്ളപ്പോൾ വന്ന് വരിയിൽ നിൽക്കുന്നത് ഒഴിവാക്കാനും ഇത് സഹായകമാകുമെന്ന് അവർ കരുതുന്നു. കൂടുതൽ പേർ എത്തുന്നതിനാൽ കൂടുതൽ സിലിണ്ടറുകൾ അനുവദിച്ചുതരണമെന്നാണ് ഗുരുദ്വാര മാനേജറുടെ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.