ഒാക്സിജൻ ക്ഷാമം തുടരുന്നു; കർണാടകയിൽ 12 കോവിഡ് രോഗികൾകൂടി മരിച്ചു
text_fieldsബംഗളൂരു: കർണാടകത്തിൽ ഒാക്സിജൻ ലഭിക്കാതെ വീണ്ടും കോവിഡ് രോഗികൾ മരിച്ചു. കലബുറഗി ജില്ലയിൽ പത്തുപേരും ബംഗളൂരുവിൽ രണ്ടുപേരുമാണ് ഒാക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത്. കലബുറഗിയിലെ അഫ്സല്‍പുര്‍ താലൂക്ക് ആശുപത്രിയില്‍ നാലുപേരും അളന്ദ് താലൂക്ക് ആശുപത്രിയില്‍ നാലുപേരും സ്വകാര്യ ആശുപത്രിയായ ആനന്ദില്‍ രണ്ടുപേരുമാണ് മരിച്ചത്. ബംഗളൂരുവിലെ അര്‍ക്ക ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ രണ്ടു പേരും ഒാക്സിജൻ ലഭിക്കാതെ മരിച്ചു.
മരിച്ചവരിൽ കൂടുതലും 70 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്. മതിയായ ഒാക്സിജൻ ലഭിക്കാതെ കർണാടക-കേരള അതിർത്തി ജില്ലയായ ചാമരാജ് നഗറിൽ 24 കോവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് കലബുറഗിയിലും ബംഗളൂരുവിലും സമാനമായ രീതിയിൽ രോഗികൾ മരിച്ചത്. ഇതോടെ അടുത്തടുത്ത ദിവസങ്ങളിൽ കർണാടകത്തിൽ ഒാക്സിജൻ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 36 ആയി.
ഒാക്സിജൻ തീരുകയാണെന്ന അപായ സന്ദേശം ബംഗളൂരുവിലെ അർക്ക ആശുപത്രി അധികൃതർ തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ടിരുന്നു. എന്നിട്ടും ചൊവ്വാഴ്ച പുലർച്ചെയോടെ മാത്രമാണ് ഒാക്സിജൻ സിലിണ്ടറുകൾ എത്തിക്കാനായത്. ഇതിനിടയിലാണ് രണ്ടു പേർ മരിച്ചത്. കലബുറഗിയിലെ അഫ്സൽപുർ താലൂക്ക് ആശുപത്രിയിൽ അവശേഷിച്ചിരുന്ന ആറു ഒാക്സിജൻ സിലിണ്ടറുകൾകൂടി തിങ്കളാഴ്ച രാത്രി വൈകി തീർന്നതോടെയാണ് നാലുപേർ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജില്ല ഭരണകൂടം ഇടപെട്ടാണ് ഇവിടേക്ക് സിലിണ്ടറുകൾ എത്തിച്ചത്.
അളന്ദ് താലൂക്ക് ആശുപത്രിയില്‍ വെൻറിലേറ്ററിലുള്ള രോഗികളാണ് മരിച്ചത്. കലബുറഗിയിലെ സ്വകാര്യ ആശുപത്രിയായ ആനന്ദിൽ ഒാക്സിജൻ ക്ഷാമത്തെ തുടർന്ന് മരിച്ച രണ്ടുപേരിൽ ഒരാൾ ഇതേ ആശുപത്രിയിലെ ഡോക്ടറുടെ ഭാര്യയാണ്. ചാമരാജ്നഗറിൽ 24 േപർ മരിച്ച സംഭവത്തിനുശേഷവും ആശുപത്രികളിൽ കൃത്യസമയത്ത് ഒാക്സിജൻ എത്തിക്കുന്നതിൽ കടുത്ത അനാസ്ഥ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുകയാണെന്നാണ് ആരോപണം.
ഒാക്സിജൻ ക്ഷാമത്തെ തുടർന്ന് ബംഗളൂരു യെലഹങ്കയിലെ ചൈതന്യ മെഡിക്കൽ സെൻററിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. നഗരത്തിലെ മറ്റു ആശുപത്രികളിലും ഒാക്സിജൻ ക്ഷാമത്തെ തുടർന്ന് സ്ഥിതിഗതികൾ രൂക്ഷമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.