യു.പിയിൽ ഓക്സിജനില്ലെന്ന് കേന്ദ്രമന്ത്രി; യോഗി ആദിത്യനാഥിന് കത്തെഴുതി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമുൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വാറിന്റെ കത്ത്. ഓക്സിജൻ ക്ഷാമം, വെന്‍റിലേറ്ററുകളുടെയും മറ്റു മെഡിക്കൽ ഉപകരണങ്ങളുടെയും പൂഴ്ത്തിവെപ്പ് തുടങ്ങിയവ കത്തിൽ സൂചിപ്പിച്ചു. തലസ്ഥാന നഗരത്തിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള സന്തോഷിന്‍റെ മണ്ഡലമായ ബറേലിയിൽ സ്ഥിതി ഗുരുതരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ കത്ത്.
സന്തോഷ് ഗാങ്വാറിന്റെ ലോക്സഭ മണ്ഡലമാണ് ബറേലി. ബറേലിയിൽ ഒാക്സിജൻ ക്ഷാമമുണ്ടെന്ന് വിവരിച്ച അദ്ദേഹം അവിടെ വെന്‍റിലേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും കരിഞ്ചന്തയിൽ വിൽക്കുകയാണെന്നും ആരോപിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ േഫാൺ കോളുകൾ പോലും എടുക്കുന്നില്ല, കോവിഡ് രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.
ബറേലിയിെല ആശുപത്രികളിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കണമെന്ന് യോഗിക്ക് നിർദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങളിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു, അത് മുഖ്യമന്ത്രിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു കത്തിനെക്കുറിച്ച് സന്തോഷിന്‍റെ പ്രതികരണം.
സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ല. എല്ലാ കോവിഡ് രോഗികൾക്കും ഓക്സിജൻ സൗകര്യം വേണ്ട. അതിനാൽ തന്നെ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ് നേരത്തേ വ്യക്തമാക്കിയിരുന്നത്. യോഗിയുടെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നതായി കേന്ദ്രമന്ത്രിയുടെ കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.