കർണാടക ആശുപത്രിയിൽ 36പേർ ഓക്സിജൻ ലഭിക്കാതെ മരിച്ചു; ഹൈകോടതി സമിതി റിപ്പോർട്ട് തള്ളി ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടകയിലെ ജില്ല ആശുപത്രിയിൽ മാത്രം ഓക്സിജൻ ലഭിക്കാതെ മരിച്ചത് 36 കോവിഡ് രോഗികൾ. എന്നാൽ, സംസ്ഥാന സർക്കാറിന്‍റെ കണക്കിൽ ഒരാൾ പോലും ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മരിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി. കേന്ദ്രസർക്കാറിന്‍റെ പൂജ്യം കണക്കിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കർണാടകയിലെ കോവിഡ് മരണസംഖ്യയുമായി ബന്ധപ്പെട്ട വിവാദം.
കർണാടക ഹൈകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലിൽ കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തിൽ ചാമരാജ്നഗറിലെ ജില്ല ആശുപത്രിയിൽ 36 കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്തനാരായൺ കണ്ടെത്തൽ തള്ളികളയുകയും ഒാക്സിജൻ ക്ഷാമം മരണത്തിന് കാരണമായിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. 'ചാമരാജ്നഗർ ജില്ല ആശുപത്രിയുടെ അശ്രദ്ധയും പിഴവും ഓക്സിജൻ ക്ഷാമമായി വിലയിരുത്താൻ കഴിയില്ല. അത് ആശുപത്രിയുടെയും വ്യക്തികളുടെയും അശ്രദ്ധമൂലമാണ്. കർണാടകയിൽ കേന്ദ്രസർക്കാറിന്‍റെ സഹായത്തോടെ ഓക്സിജനുകൾ എത്തിച്ചിരുന്നു' -മന്ത്രി പറഞ്ഞു.
മേയ് നാലിനും പത്തിനും ഇടയിൽ ജില്ല ആശുപത്രിയിൽ 62 മരണം സ്ഥിരീകരിച്ചതായി സമിതി കണ്ടെത്തിയിരുന്നു. ഇതിൽ 36 പേർ ഓക്സിജന്റെ അഭാവം മൂലം മേയ് രണ്ടിനും മൂന്നിനും മരിച്ചതായും സമിതി കണ്ടെത്തി. എന്നാൽ സമിതി റിപ്പോർട്ട് തള്ളിയ ഉപമുഖ്യമന്ത്രി സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലായിരുന്നുവെന്ന് തറപ്പിച്ചുപറയുകയായിരുന്നു.
രാജ്യസഭയിൽ കേന്ദ്രസർക്കാർ രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഒരാൾപോലും മരിച്ചില്ലെന്ന കണക്ക് അവതരിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. കേന്ദ്രസർക്കാറിന്‍റെ കണക്കിനെതിരെ കോൺഗ്രസവും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.