‘സൗമ്യനായ ഉദ്യോഗസ്ഥനിൽനിന്ന് ആർ.എസ്.എസ് വക്താവായി’; എസ്. ജയശങ്കറിനെ വിമർശിച്ച് ചിദംബരം
text_fieldsന്യൂഡൽഹി: കച്ചത്തീവ് ദ്വീപുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. സൗമ്യനായ ലിബറൽ ഫോറിൻ സർവിസ് ഓഫിസറിൽനിന്ന് ജയശങ്കർ ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും വക്താവായി മാറിയെന്ന് ചിദംബരം പരിഹസിച്ചു.
കച്ചത്തീവ് ദ്വീപിനെ ഒരു ശല്യമായാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കണ്ടിരുന്നതെന്ന് ജയശങ്കർ കുറ്റപ്പെടുത്തിയിരുന്നു. ശ്രീലങ്കക്കു കച്ചത്തീവ് കൈമാറാൻ നെഹ്റു ആഗ്രഹിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. ശ്രീലങ്കയുടെ കൈവശമുള്ള കച്ചത്തീവ് ദ്വീപ് വിട്ടുനൽകാൻ ഇടയാക്കിയതു കോൺഗ്രസ് സർക്കാറിന്റെ പിടിപ്പുകേടാണെന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമർശിച്ചിരുന്നു.
കച്ചത്തീവിനെ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള ബി.ജെ.പി നീക്കത്തിനിടെയാണ് എക്സ് പ്ലാറ്റ്ഫോമിൽ ചിദംബരം വിമർശനവുമായി രംഗത്തെത്തിയത്. ‘കഴിഞ്ഞ 50 വർഷമായി മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നത് ശരിയാണ്. അതുപോലെ, നിരവധി ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതത് സർക്കാറുകൾ ശ്രീലങ്കയുമായി ചർച്ച നടത്തി നമ്മുടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു’ -ചിദംബരം കുറിച്ചു.
ജയശങ്കർ വിദേശകാര്യ ഉദ്യോഗസ്ഥനായിരുന്നപ്പോഴും വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരിക്കുമ്പോഴും ഇത് സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിനും ഡി.എം.കെക്കുമെതിരെ ആഞ്ഞടിക്കാൻ ഇപ്പോൾ എന്തു മാറ്റമാണ് സംഭവിച്ചത്? വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും ബി.ജെ.പി അധികാരത്തിലിരുന്നപ്പോഴും തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലായിരുന്നപ്പോഴും മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയിരുന്നില്ലേ? മോദി അധികാരത്തിലിരിക്കുന്ന 2014 മുതൽ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയിരുന്നില്ലേയെന്നും ചിദംബരം ചോദിച്ചു. 1974ൽ ആണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് ഇന്ത്യ വിട്ടുനൽകിയത്.
ജയശങ്കറിന്‍റെ പരാമർശത്തെ ചോദ്യം ചെയ്ത് ജയറാം രമേശും രംഗത്തുവന്നിരുന്നു. ‘പാർലമെന്റിൽ കച്ചത്തീവ് വിഷയം വീണ്ടുംവീണ്ടും ഉന്നയിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ല, നെഹ്റുവിന് അതൊരു ചെറിയ ദ്വീപ് മാത്രമായിരുന്നു. കച്ചത്തീവിനെ ശല്യമായാണ് അദ്ദേഹം കണ്ടത്. എത്രയും നേരത്തേ അതു കൈമാറുന്നുവോ അത്രയും നല്ലതെന്നാണ് നെഹ്റു ചിന്തിച്ചത്’ -എന്നാണ് ജയശങ്കർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.