'ധനമന്ത്രിയുടെ കണക്ക് ശരിയാണ്, നിഗമനം തെറ്റാണ്'; സാമൂഹിക മേഖലയിലെ ചെലവ് കുറഞ്ഞെന്ന് ചിദംബരം
text_fieldsന്യൂഡൽഹി: എൻ.ഡി.എ സർക്കാരിന്റെ വികസനച്ചെലവ് യു.പി.എ ഭരണകാലത്തെക്കാൾ കൂടുതലാണെന്ന പ്രസ്താവനക്ക് ധനമന്ത്രി നിർമല സീതാരാമന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തിന്‍റെ മറുപടി.
2014 മുതൽ 22 വരെ മോദി സർക്കാർ നടത്തിയ മൊത്തം വികസന ചെലവ് 90.9 ലക്ഷം കോടി രൂപയാണ്. ഇത് പ്രതിപക്ഷത്തിലെ ചില വിഭാഗങ്ങൾ ആരോപിക്കുന്നതിനേക്കാൾ വളരെ കൂടുതലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ ഉദ്ധരിച്ച് ധനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ 2004-14 വരെ 49.2 ലക്ഷം കോടി രൂപ മാത്രമാണ് വികസനത്തിനായി ചെലവഴിച്ചതെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.
ധനമന്ത്രിയുടെ പരാമർശങ്ങളെ തള്ളിയ ചിദംബരം, ശരാശരി ഇന്ത്യക്കാരന് സാമ്പത്തിക കണക്കുകൾ മനസിലാക്കാൻ ശരാശരിയിലും താഴെ ബുദ്ധിമാത്രമാണുള്ളതെന്നാണ് ധനമന്ത്രി കരുതുന്നതെന്ന് ട്വീറ്റ് ചെയ്തു. ധനമന്ത്രിയുടെ കണക്കുകൾ ശരിയാണ്. എന്നാൽ അവരുടെ ഗണിതശാസ്ത്രപരമായ നിഗമനം തെറ്റാണ്.
ബജറ്റിന്‍റെ വലുപ്പം എല്ലാ വർഷവും വലുതാണെന്നും വികസന ചെലവുകൾ അല്ലെങ്കിൽ സാമൂഹിക സേവന ചെലവുകൾ ഓരോ വർഷവും വലുതായിരിക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു. ധനമന്ത്രിയുടെ വിശകലനങ്ങൾ ശരിയാണെന്നും എന്നാൽ ഏത് ചെലവും ധനമന്ത്രി മൊത്തം ചെലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-15ന് ശേഷം സാമൂഹിക സേവന ചെലവ് കുത്തനെ ഇടിഞ്ഞതായി കാണാനാകും.
ധനമന്ത്രിയുടെ കണക്കുകൾ ആർ.ബി.ഐയുടെ സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്കിലുണ്ട്. യു.പി.എയുടെ കീഴിലുള്ള മൊത്തം ചെലവിന്റെ ശരാശരി ഒമ്പത് ശതമാനം സാമൂഹിക ക്ഷേമത്തിന് ചെലഴിച്ചപ്പോൾ എൻ.ഡി.എയുടെ കീഴിൽ ഇത് ശരാശരി അഞ്ച് ശതമാനം ആയി കുറഞ്ഞുവെന്ന് കണക്കുകൾ കാണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.