ചിദംബരം ജയിൽ മോചിതനായി; ‘ഒരു കുറ്റം പോലും ചുമത്താനായില്ല’
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചുവെന്ന കേസിൽ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാവ് പി. ചിദംബരം ജയിൽ മോചിതനായി. രാത്രി എട്ടോടെ അദ്ദേഹം തിഹാർ ജയിലിന് പുറത്തിറങ്ങി. തടവിലിട്ടിട്ടും തനിക്കെതിരെ ഒരു കുറ്റം പോലും ചുമത്താൻ കഴിഞ്ഞില്ലെന്ന് ജയിലിന് മുന്നിൽവെച്ച് ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്ന കോടതിയുടെ വിലക്ക് താൻ മാനിക്കുമെന്ന് ചിദംബരം മാധ്യമങ്ങളോടു പറഞ്ഞു. മറ്റു വിഷയങ്ങൾ വ്യാഴാഴ്ച സംസാരിക്കുമെന്നും കൂട്ടിച്ചേർത്തു.
ജയിലിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് ചിദംബരത്തിന് നൽകിയത്. ഹാരാർപ്പണം നടത്തി സ്വീകരിച്ച ചിദംബരത്തെ കോൺഗ്രസ് പ്രവർത്തകർ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. ജയിൽമോചിതനായ ചിദംബരം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലേക്കാണ് നേരെ പോയത്.
രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട് സഹകരിക്കണം, മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പരസ്യ പ്രസ്താവന നടത്തരുത്,കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത്എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ105 ദിവസങ്ങൾക്ക് ശേഷമാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്.ജസ്റ്റിസ് ആർ. ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജിയിൽ വാദം കേട്ടത്.
ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിൽ നവംബർ 21 നാണ് മുന്‍ ധനമന്ത്രി പി. ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഒക്ടോബർ 16ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.
2007ൽ ഐ.എൻ.എക്സ് മീഡിയക്ക് 403 കോടി രൂപയുടെ വിദേശ നിക്ഷേപ അനുമതി ചട്ടവിരുദ്ധമായി നൽകിയെന്നതിന് ഇന്ത്യൻ ശിക്ഷ നിയമം, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.15ാം പ്രതി ചിദംബരത്തിന് പുറമെ മകൻ കാർത്തി ചിദംബരം, മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വ്യവസായി പീറ്റർ മുഖർജി, ചാർട്ടേർഡ് അക്കൗണ്ടൻറ് എസ്. ഭാസ്ക്കരരാമൻ, നിതി ആയോഗ് മുൻ സി.ഇ.ഒ സിന്ധുശ്രീ കുള്ളർ, ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയ മുൻസെക്രട്ടറി അനൂപ് പൂജാരി (ഇരുവരും ഐ.എൻ.എക്സ് വിദേശനിക്ഷേപാനുമതി ഘട്ടത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ), ഐ.എൻ.എക്സ് മുൻ ഉദ്യോഗസ്ഥൻ പ്രബോധ് സക്സേന, എ.എസ്.സി.എൽ ആൻഡ് ചെസ് മാനേജ്മെന്റ് സർവിസസ് മുൻഉദ്യോഗസ്ഥൻ രവീന്ദ്രപ്രസാദ് എന്നിവരാണ് മറ്റ് പ്രതികൾ.
പീറ്റർ മുഖർജിക്കൊപ്പം തടവുശിക്ഷ അനുഭവിക്കുന്ന ഭാര്യ ഇന്ദ്രാണി മുഖർജി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ സി.ബി.ഐ നേരത്തെ അറസ്റ്റുചെയ്തത്. കേസിൽ 12 സാക്ഷികളുണ്ട്.
2007ലെ ഇടപാടിനെക്കുറിച്ച് 10 വർഷത്തിനു ശേഷം 2017 മേയ് 15നാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിനും അറസ്റ്റുകൾക്കും ശേഷം സമർപ്പിച്ച കുറ്റപത്ര പ്രകാരം, ഈ ഇടപാടിൽ കോഴ കൈമറിഞ്ഞുവെന്നും വ്യാജരേഖ ചമച്ചുവെന്നും നികുതി വെട്ടിപ്പു വഴി ഖജനാവിന് നഷ്ടം സംഭവിച്ചുവെന്നും കുറ്റപ്പെടുത്തുന്നു. അന്ന് മൂന്നരക്കോടിയുടെ കോഴ വാങ്ങിയെന്നാണ് പറഞ്ഞതെങ്കിൽ, കുറ്റപത്ര പ്രകാരം ചിദംബരവും മകനും വാങ്ങിയ കോഴ 10 ലക്ഷമാണ്. യഥാർഥ കോഴയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് സി.ബി.ഐ വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.