സ്വകാര്യതയിലേക്ക് ഡിജിറ്റല്‍ കടന്നുകയറ്റം –ചിദംബരം
text_fieldsന്യൂഡല്‍ഹി: സാമ്പത്തിക കാര്യങ്ങളില്‍ അടക്കം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മോദി സര്‍ക്കാര്‍ മൂക്കുകയറിടുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. സര്‍ക്കാറിന്‍െറ മേധാവിത്ത സമ്മര്‍ദതന്ത്രങ്ങളാണ് നടക്കുന്നതെന്നും ആര്‍.എസ്.എസ്-ബി.ജെ.പി നിയന്ത്രണത്തിന്‍ കീഴില്‍ വ്യക്തിസ്വാതന്ത്ര്യം കൂടുതല്‍ ദുര്‍ബലപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ചിദംബരം പറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടിലേക്ക് എല്ലാവരും നീങ്ങണമെന്ന നിര്‍ദേശം യഥാര്‍ഥത്തില്‍ വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഡിജിറ്റല്‍ പണമിടപാടുവഴി കൊടുക്കുന്നവനില്‍നിന്നും വാങ്ങുന്നവനില്‍നിന്നും സര്‍വിസ് ചാര്‍ജ് ഈടാക്കുക മാത്രമല്ല ചെയ്യുന്നത്. നമ്മുടെ ചെറുതും സ്വകാര്യവുമായ ചെലവുകള്‍ വരെ സര്‍ക്കാറിന് മനസ്സിലാക്കാവുന്ന സ്ഥിതിയാണ് ഇതുവഴി ഉണ്ടാവുക. വലിയ തുകയുടെ പണമിടപാടു മാത്രം ഡിജിറ്റല്‍ രൂപത്തില്‍ നടക്കണം.
വികസിത രാജ്യമായ അമേരിക്കയില്‍ 46 ശതമാനം പണമിടപാടും നോട്ട് ഉപയോഗിച്ചാണ്. ജര്‍മനിയിലും ഓസ്ട്രിയയിലും 80 ശതമാനവും നോട്ടിടപാടാണ്. ഫ്രാന്‍സില്‍ 56 ശതമാനം പണമിടപാടിനും നോട്ട് ഉപയോഗിക്കുന്നു.
ഇന്ത്യയില്‍ ആധാറിനുവേണ്ടി ശേഖരിച്ച സൂക്ഷ്മവിവരങ്ങള്‍ സ്വകാര്യ പണമിടപാട് കമ്പനികളുടെ പക്കലും എത്തുന്ന സ്ഥിതിയാണ്. ആധാറിന് കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍, അതിനായി ശേഖരിച്ച വിവരങ്ങള്‍ സംരക്ഷിക്കപ്പെടണം. നേത്രപടലത്തിന്‍െറ ചിത്രമടക്കം 50ഓളം വ്യക്തിവിവരങ്ങളാണ് ആധാറിന് ശേഖരിച്ചിട്ടുള്ളത്. ഇത്തരം വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണ്. ഈ വിവരങ്ങള്‍ ഇപ്പോള്‍ ഏതു രൂപത്തില്‍ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമല്ളെന്നും ചിദംബരം പറഞ്ഞു. ഹാക്കിങ്ങിന്‍െറ ഗുരുതരമായ പ്രശ്നം ലോകമെങ്ങും നേരിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ ദിവസവും സാമ്പത്തികരംഗത്ത് ഓരോ ഭീഷണി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് വാര്‍ത്താസമ്മേളനത്തില്‍ ചിദംബരം ഇങ്ങനെ പ്രതികരിച്ചത്. നോട്ട് അസാധുവാക്കിയ തീരുമാനത്തിനുമുമ്പ് മതിയായ മുന്നൊരുക്കമോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ളെന്ന് ചിദംബരം പറഞ്ഞു. നവംബര്‍ എട്ടിന് അര മണിക്കൂര്‍ മാത്രമാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉണ്ടായിരുന്നത്. ഇതില്‍ എല്ലാവരും പങ്കെടുത്തില്ല. ഈ യോഗത്തിനു മുമ്പാകെ വെച്ച വസ്തുതകള്‍ എന്താണ്, അസാധുവാക്കല്‍ തീരുമാനത്തെ ആരൊക്കെ എതിര്‍ത്തു തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട യോഗത്തിന്‍െറ അജണ്ടയും മിനുട്സും റിസര്‍വ് ബാങ്ക് പുറത്തുവിടണം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭയുടെ പരിഗണനക്കുവെച്ച കുറിപ്പും പരസ്യപ്പെടുത്തണം.
നോട്ട് അസാധുവാക്കല്‍ നടപടിക്കൊപ്പം റിസര്‍വ് ബാങ്ക്, കറന്‍സ് ചെസ്റ്റ്, ബാങ്ക് ശാഖകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന അഴിമതി പുറത്തുകൊണ്ടുവന്നു. 2000 രൂപ നോട്ടുകെട്ടുകള്‍ വന്‍തോതില്‍ പിടിച്ചെടുത്തത് അഴിമതിയുടെ പ്രത്യക്ഷ തെളിവാണ്. നോട്ട് അസാധുവാക്കിയതു മുതല്‍ ഓരോ നടപടിയിലും കടുത്ത വീഴ്ചയാണ് സര്‍ക്കാറും റിസര്‍വ് ബാങ്കും വരുത്തിയത്. മുന്നൊരുക്കമോ മുന്‍വിചാരമോ ഉണ്ടായില്ല. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടന്നില്ല. നോട്ട് സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായിരിക്കേണ്ടതിന്‍െറ ആവശ്യകത ചിന്തിച്ചില്ല. നോട്ട് അച്ചടിക്കാന്‍ പ്രസുകള്‍ക്കുള്ള ശേഷിയെക്കുറിച്ചും ചിന്തിച്ചില്ല. നോട്ട് അസാധുവാക്കല്‍ വഴിയുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.