'ഒന്നും കണ്ടെത്താനായില്ല'; സി.ബി.ഐ പരിശോധനയെ ചോദ്യം ചെയ്ത് പി ചിദംബരം
text_fieldsന്യൂഡൽഹി: കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും സി.ബി.ഐ പരിശോധന നടത്തിയതിനെ ചോദ്യം ചെയ്ത് പിതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ചെന്നൈ, ഡൽഹി, മുംബൈ, പഞ്ചാബ്, കർണാടക, ഒഡീഷ എന്നിവിടങ്ങളിലെ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിലും റെയ്ഡ് നടത്തിയിരുന്നു.
"രാവിലെ സി.ബി.ഐ സംഘം ചെന്നൈയിലെ വസതിയിലും ഡൽഹിയിലെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തി. ഞാൻ പ്രതിയായിട്ടില്ലാത്ത ഒരു എഫ്.ഐ.ആറും സംഘം എനിക്ക് കാണിച്ചു തന്നു. അവർ എന്തെങ്കിലും കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല" -പി. ചിദംബരം ട്വീറ്റ് ചെയ്തു.
2011ൽ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങി ചൈനീസ് പൗരന്മാർക്ക് വിസ ലഭ്യമാക്കിയെന്നാരോപിച്ചാണ് കാർത്തി ചിദംബരത്തിനെതിരെ പുതിയ കേസ്. തനിക്കെതിരെ ഇത് എത്രാമത്തെ സംഭവമാണെന്നുള്ള കണക്ക് നഷ്ടപ്പെട്ടുവെന്ന് റെയ്ഡിന് പിന്നാലെ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.
പി ചിദംബരം ധനമന്ത്രിയായിരുന്നപ്പോൾ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐ.എൻ.എക്‌സ് മീഡിയയ്ക്ക് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് (എ.ഫ്.ഐ.പി.ബി) അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ അന്വേഷണം നടന്നിരുന്നു. 2011ൽ പഞ്ചാബിലെ തൽവണ്ടി സാബോ പവർ പ്രൊജക്ടിനായി 250 ചൈനീസ് പൗരന്മാരുടെ വിസ സുഗമമാക്കുന്നതിന് കാർത്തി ചിദംബരം 50 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയതായി സൂചിപ്പിക്കുന്ന രേഖകൾ ഐ.എൻ.എക്‌സ് മീഡിയ കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.