സമരക്കാരിൽ കർഷകരില്ലെങ്കിൽ പിന്നെന്തിനാണ് ചർച്ച നടത്തുന്നത്; കേന്ദ്രമന്ത്രിമാർക്കെതിരെ പി.ചിദംബരം
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്കിടയിൽ 'ദേശവിരുദ്ധ' ഘടകങ്ങൾ നുഴഞ്ഞു കയറിയെന്ന തരത്തിൽ നിരന്തരം പ്രസ്താവനകൾ നടത്തുന്ന കേന്ദ്ര മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം.
'കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖലിസ്താനികൾ, പാകിസ്താൻ-ചൈന ചാരൻമാർ, മാവോയിസ്റ്റുകൾ എന്നിവയെ കൂടാതെ തുക്ടെ തുക്ടെ ഗാങ് എന്നുമാണ് കേന്ദ്ര മന്ത്രിമാർ വിശേഷിപ്പിക്കുന്നത്' ചിദംബരം ട്വീറ്റ് ചെയ്തു.
'ഇവരെയെല്ലാം ഒഴിവാക്കിയാൽ പിന്നെ സമരം ചെയ്യുന്ന ആയിരക്കണക്കിനാളുകളിൽ കർഷകർ ഇല്ലെന്നല്ലേ. അങ്ങനെ സമരത്തിൽ കർഷകരില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാർ കർഷകരുമായി ചർച്ച നടത്തുന്നത്?' -ചിദംബരം അടുത്ത ട്വീറ്റിൽ ചോദിച്ചു.
കർഷക പ്രക്ഷോഭം മാവോയിസ്റ്റുകൾ ഹൈജാക്ക് ചെയ്തതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ അടുത്തിടെ പ്രസ്താവിച്ചിരുന്നു. കർഷക പ്രക്ഷോഭത്തെ മാവോയിസ്റ്റുകളിൽ നിന്നും നക്സലുകളിൽ നിന്നും മോചിപ്പിച്ചാൽ നിയമം രാജ്യത്തിെൻറ താൽപ്പര്യത്തിന് വേണ്ടിയാണെന്ന് പ്രതിഷേധിക്കുന്ന യൂനിയനുകൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ചകളിൽ പുതിയ കാർഷിക നിയമത്തിൽ ഭേദഗതികൾ വരുത്താമെന്ന് ഉറപ്പുനൽകിയെങ്കിലും നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കർഷകർ അറിയിക്കുകയായിരുന്നു.
ഇതിനിടെ സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ചർച്ച നടത്തി. കർഷക സമരം ഞായറാഴ്ച 18ാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് മന്ത്രിമാരുമായി അമിത് ഷാ സ്വവസതിയിൽ ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.