രാജ്യദ്രോഹ നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രം; വിമർശനമുയർത്തി ചിദംബരം
text_fieldsന്യൂഡൽഹി: രാജ്യദ്രോഹ നിയമം പിൻവലിക്കില്ലെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വിമർശനമുയർത്തി കോൺഗ്രസ് നേതാവ് പി. ചിദംബരം. അസം എം.പി ബദറുദ്ദീൻ അജ്മൽ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു നൽകിയ മറുപടിയിലാണ് രാജ്യദ്രോഹ നിയമം പിൻവലിക്കുന്നത് പരിഗണിക്കാൻ നിർദേശങ്ങളൊന്നുമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അറിയിച്ചത്. ഇത് ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു ചിദംബരത്തിെൻറ വിമർശനം.
രാജ്യദ്രോഹ നിയമം പിൻവലിക്കാൻ നിർദേശമില്ലെന്നാണ് മന്ത്രി പറയുന്നതെന്നും എന്നാൽ, നിരവധി നിരപരാധികളെ നിയമത്തിന് കീഴിലാക്കാനുള്ള നിർദേശങ്ങൾ ഉണ്ടെന്നാണ് അദ്ദേഹം പറയാത്തതെന്നും ചിദംബരം കുറ്റപ്പെടുത്തി. രാജ്യദ്രോഹ നിയമം കൊളോണിയൽ കാലത്തുള്ളതാണെന്നും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സുപ്രീംകോടതി അടുത്തിടെ പ്രസ്താവന നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ഇത്തരത്തിൽ നിരീക്ഷണങ്ങളോ വിധിയോ സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്നായിരുന്നു റിജിജു രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്.
സുപ്രീംകോടതി നടപടിക്രമങ്ങൾ സംബന്ധിച്ച വാർത്തകൾ വായിക്കില്ല എന്നാണ് നിയമമന്ത്രി പറയാത്തതെന്ന് മന്ത്രിയുടെ മറുപടിയെ പരിഹസിച്ച് ചിദംബരം ട്വിറ്ററിൽ കുറിച്ചു. എന്നാൽ, കോൺഗ്രസ് സർക്കാർ എത്ര ആയിരങ്ങൾക്ക് നേരെയാണ് രാജ്യദ്രോഹ നിയമം ചുമത്തിയതെന്ന് ചിദംബരത്തെ ട്വിറ്ററിൽ ടാഗ് ചെയ്ത് കിരൺ റിജിജു ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.