അൻവർ സി.പി.എം വിമതൻ; ഡി.എം.കെ പിന്തുണച്ചേക്കില്ല
text_fieldsചെന്നൈ: സി.പി.എമ്മുമായി തെറ്റിയ പി.വി. അൻവർ എം.എൽ.എക്ക് ഡി.എം.കെയുടെ രാഷ്ട്രീയമായ പിന്തുണ ലഭിക്കില്ലെന്ന് സൂചന. സംസ്ഥാന- ദേശീയതലത്തിൽ സഖ്യകക്ഷിയായ സി.പി.എമ്മിലെ വിമത നേതാവിനെ ഡി.എം.കെക്ക് ഉൾക്കൊള്ളാനാവില്ലെന്ന് പാർട്ടി വക്താവും മുൻ രാജ്യസഭാംഗവുമായ ടി.കെ.എസ്.ഇളങ്കോവൻ അറിയിച്ചു.
ഡി.എം.കെയിൽ ചേരാൻ അൻവർ താൽപര്യം പ്രകടിപ്പിച്ചെങ്കിലും പാർട്ടി ഹൈകമാൻഡ് തീരുമാനമെടുത്തിട്ടില്ല. അൻവറിന്റെ സംഘനയുമായി സഹകരിച്ച് പ്രവർത്തിക്കാനും കഴിയില്ല. ഇത് മുന്നണിയിൽ പ്രശ്നങ്ങളുണ്ടാക്കും. പൊതുവെ, സഖ്യകക്ഷികളിൽ നിന്നുള്ള വിമത നേതാക്കളെ പ്രോത്സാഹിപ്പിക്കാറില്ല. ഇത് പാർട്ടി പിന്തുടരുന്ന നയമാണെന്നും ടി.കെ.എസ്. ഇളങ്കോവൻ അറിയിച്ചു.
അതിനിടെ, ഡി.എം.കെ സഖ്യത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് അൻവർ തനിക്ക് കത്ത് നൽകിയിരുന്നതായി ഡി.എം.കെ കേരള സംസ്ഥാന സെക്രട്ടറി എ.ആർ. മുരുകേശൻ പറഞ്ഞു. തുടർന്ന് ഡി.എം.കെ ആസ്ഥാനത്തേക്ക് തന്റെ കുറിപ്പ് സഹിതം അൻവറിന്റെ കത്ത് കൈമാറിയെന്നും മുരുകേശൻ വ്യക്തമാക്കി. ശനിയാഴ്ച അൻവർ ചെന്നൈയിലെത്തി ഡി.എം.കെ നേതാക്കളെ സന്ദർശിച്ചിരുന്നു. രാജ്യസഭാംഗവും ഡി.എം.കെയുടെ എൻ.ആർ.ഐ വിങ് സെക്രട്ടറിയുമായ എം.എം. അബ്ദുല്ലയുമായാണ് അൻവർ കൂടിക്കാഴ്ച നടത്തിയത്. 15 വർഷമായി അൻവറിനെ അറിയാമെന്നും അദ്ദേഹം ചെന്നൈയിൽ വരുമ്പോഴെല്ലാം കണ്ടുമുട്ടുക പതിവാണെന്നും എം.എം. അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം പാർട്ടി തുടങ്ങുകയാണെന്ന് അൻവർ പറഞ്ഞിരുന്നു. ഡി.എം.കെയിൽ ചേരുന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാലിനുമായി കൂടിക്കാഴ്ചക്ക് അൻവർ ശ്രമം നടത്തിയെങ്കിലും അനുമതി കിട്ടിയില്ല. മഞ്ചേരിയിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിലേക്ക് ഔദ്യോഗിക പ്രതിനിധികളെ അയക്കണമെന്ന് അൻവർ ഡി.എം.കെ നേതാക്കളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഇതും അംഗീകരിക്കപ്പെട്ടില്ല.
പിണറായി വിജയനുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ കേരളത്തിൽ സി.പി.എമ്മിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന സ്വതന്ത്ര എം.എൽ.എയായ അൻവറിന് രാഷ്ട്രീയമായി ഏതെങ്കിലും നിലയിൽ പിന്തുണ നൽകുന്നതിന് തയാറാവില്ലെന്നാണ് ഡി.എം.കെ കേന്ദ്രങ്ങൾ ഉറച്ചു പറയുന്നത്. ചെന്നൈയിലെ രാഷ്ട്രീയ ദൗത്യം സംബന്ധിച്ച് അൻവർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാവാത്തതും ഈ സാഹചര്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.