പി20 ഉച്ചകോടിയിൽ ഉത്കണ്ഠയായി പശ്ചിമേഷ്യ
text_fieldsന്യൂഡൽഹി: ജി20 രാജ്യങ്ങളിലെ പാർലമെന്റ് അധ്യക്ഷ ഉച്ചകോടിയായ പി20യിലെ ചർച്ചാഗതി തിരിച്ച് ഇസ്രായേൽ-ഹമാസ് പോരാട്ടം. നിരവധി രാജ്യങ്ങളുടെ പ്രതിനിധികളാണ് അജണ്ട വിട്ട് പശ്ചിമേഷ്യൻ സാഹചര്യം ചർച്ചകളിലേക്ക് കൊണ്ടുവന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിൽ ജി20 രാജ്യങ്ങൾ വഹിക്കേണ്ട ക്രിയാത്മക പങ്കിനൊപ്പം ഭീകരതയും അധിനിവേശവും വിഷയങ്ങളായി ഉയർന്നു.
പരസ്പരബന്ധിതമായ ലോകത്ത് ഒരു വിഷയവും ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല ചർച്ചകൾ ഉപസംഹരിച്ച് പറഞ്ഞു. ചർച്ചകൾക്ക് നിശ്ചയിച്ച വികസന അജണ്ടകളിൽനിന്ന് മാറി നിരവധി അംഗങ്ങൾ ആഗോള വെല്ലുവിളിയും സാമ്പത്തിക വിഷയങ്ങളും പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഉന്നയിച്ചു. ബഹുധ്രുവ ലോകത്തിന്റെ പ്രാധാന്യം, അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖല മെച്ചപ്പെടുത്തൽ തുടങ്ങിയവയും ചർച്ചയിലേക്ക് കടന്നുവന്നതായി അദ്ദേഹം പറഞ്ഞു. പരസ്പരബന്ധിതമായ ലോകത്ത് ഒരു സംഭവവും ഒറ്റപ്പെട്ട നിലയിൽ കാണാനാവില്ല.
അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും തർക്കങ്ങളും സംഘർഷവും സമാധാനപരമായി പരിഹരിക്കുന്നതിനും പാർലമെന്ററി നയതന്ത്രം മുന്നോട്ടുനീക്കേണ്ടതിന്റെ പ്രാധാന്യം പി20 ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രസ്താവന എടുത്തുപറയുന്നുണ്ടെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞു. ഇതടക്കമുള്ള സംയുക്ത പ്രസ്താവന പി20 നടപടിക്രമങ്ങളെ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ഹരിതോർജം, വനിത നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് പി20 ചർച്ചകളിൽ പ്രധാനമായും മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. മനുഷ്യകേന്ദ്രീകൃത വികസനമാണ് വേണ്ടതെന്ന കാഴ്ചപ്പാട് ഓം ബിർല മുന്നോട്ടുവെച്ചു.
അധ്യക്ഷപദം ബ്രസീലിന് കൈമാറി ഇന്ത്യ
ന്യൂഡൽഹി: ജി 20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ പൊതുവേദിയായ പി 20യുടെ അധ്യക്ഷപദവി ഇന്ത്യ ഔപചാരികമായി ബ്രസീലിന് കൈമാറി. പി20 ഉച്ചകോടിയുടെ സമാപനത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർലയാണ് അധ്യക്ഷപദവി ബ്രസീൽ ചേംബർ ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റ് ഓഥർ സീസർ പെരേര ഡി ലിറയെക്ക് നൽകിയത്. ഓരോ വർഷമാണ് കാലാവധി.
പാർലമെന്റുകളുടെ പൊതു പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന സംയുക്ത പ്രസ്താവന പാർലമെന്റ് അധ്യക്ഷ ഉച്ചകോടി അംഗീകരിച്ചതിൽ സ്പീക്കർ ഓം ബിർല സന്തോഷം പ്രകടിപ്പിച്ചു. നിലവിലെ ആഗോള വെല്ലുവിളികളും ഉച്ചകോടിയിൽ ചർച്ച ചെയ്യാനായി. ഒരേ ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി എന്ന ആശയമാണ് ഇത്തവണ പി20 ഉച്ചകോടി മുന്നോട്ടുവെച്ചത്. 25 സ്പീക്കർമാർ, 10 ഡെപ്യൂട്ടി സ്പീക്കർമാർ, 50 പാർലമെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത ഉച്ചകോടിയിൽ പാൻ ആഫ്രിക്കൻ പാർലമെന്റ് പ്രതിനിധികളും ഇതാദ്യമായി സംബന്ധിച്ചു.
അന്താരാഷ്ട്ര സമാധാനം, അഭിവൃദ്ധി, സൗഹാർദം എന്നിവ പാർലമെന്റ് നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രോത്സാഹിപ്പിക്കണമെന്ന് ഉച്ചകോടി സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.