പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, പ്രമുഖ വ്യവസായി കുമാർ മംഗലം ബിർള, പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ എന്നിവർ പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 106 പത്മ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഇതിൽ 50 ഓളം പേരാണ് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾ ബുധനാഴ്ച ഏറ്റുവാങ്ങിയത്.
ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, കളരി ഗുരുവും ഗ്രന്ഥകാരനുമായ ഡോ. എസ്.ആർ.ഡി. പ്രസാദ്, നെൽവിത്ത് സംരക്ഷകനും ആദിവാസി കർഷകനുമായ ചെറുവയൽ കെ. രാമൻ എന്നീ മലയാളികളും പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം സി.ഐ. ഐസക് മറ്റൊരു ദിവസം നടക്കുന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കും.
കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിൽ വിദേശകാര്യ മന്ത്രി സ്ഥാനം വഹിക്കുകയും പിന്നീട് ബി.ജെ.പിയിൽ ചേരുകയും ചെയ്ത എസ്.എം. കൃഷ്ണയെ പത്മവിഭൂഷൺ നൽകി ആദരിച്ചു. പ്രശസ്ത വാസ്തുശിൽപിയായ ബാലകൃഷ്ണ ദോഷിക്കും (മരണാനന്തരം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.
കുമാർ മംഗലം ബിർള, ഇന്ത്യൻ വ്യാകരണ സിദ്ധാന്തങ്ങളെയും മാതൃകകളെയും കുറിച്ചുള്ള പുസ്തകങ്ങൾക്ക് പ്രശസ്തനായ പ്രഫ. കപിൽ കപൂർ, ആത്മീയ നേതാവ് കമലേഷ് ഡി. പട്ടേൽ, കല്യാൺപുർ എന്നിവർക്ക് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചു. കഴിഞ്ഞ വർഷം അന്തരിച്ച ശതകോടീശ്വരനും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാലക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ സമ്മാനിച്ചു.
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പത്മ പുരസ്കാരങ്ങൾ നൽകുന്നത്. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം 2019 മുതൽ ആർക്കും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.