നാല് മലയാളികൾക്ക് പത്മശ്രീ; ബിപിൻ റാവത്തിന് പത്മവിഭൂഷൺ, ബുദ്ധദേവ് ഭട്ടാചാര്യക്കും ഗുലാം നബി ആസാദിനും പത്മഭൂഷൺ
text_fieldsന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച ആദ്യ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിനും പ്രമുഖ ഹിന്ദുത്വ മുഖമായിരുന്ന യു.പി മുൻമുഖ്യമന്ത്രി കല്യാൺ സിങ്ങിനും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സി.പി.എം നേതാവും പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ എന്നിവർക്ക് പത്മഭൂഷൺ. ബുദ്ധദേവ് പുരസ്കാരം സ്വീകരിക്കില്ലെന്ന് അറിയിച്ചു.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രഖ്യാപിച്ച 128 പത്മ പുരസ്കാരങ്ങളിൽ മലയാളികളായ നാല് പേർക്ക് പത്മശ്രീ. സാക്ഷരത പ്രവർത്തനത്തിലൂടെ ശ്രദ്ധേയയായ മലപ്പുറം സ്വദേശിനി കെ.വി റാബിയ, കവി പി. നാരായണ കുറുപ്പ്, കളരി വിദഗ്ധൻ സി. ശങ്കരനാരായണ മേനോൻ, വെച്ചൂർ പശു പരിപാലനം മുൻനിർത്തി ശോശാമ്മ ഐപ് എന്നിവർക്കാണ് പത്മശ്രീ.
ഇത്തവണ നാലു പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവരിൽ ജീവിച്ചിരിക്കുന്നത് സംഗീതജ്ഞ പ്രഭ ആത്രെ മാത്രമാണ്. രാധേശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ. കോവിഡ് വാക്സിനിലെ മുന്നേറ്റം മുൻനിർത്തി സെറം ഇൻസ്റ്റിറ്റൂട്ടിന്റെ സൈറസ് പൂനവാല, ഭാരത് ബയോടെക്കിന്റെ കൃഷ്ണ എല്ല, സുചിത്ര എല്ല എന്നിവർക്ക് പത്മഭൂഷൺ. 17 പേർക്കാണ് പത്മഭൂഷൺ.
നടൻ വിക്ടർ ബാനർജി, മൈക്രോസോഫ്ട് സി.ഇ.ഒ സത്യ നദെല്ല, ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെ, മുൻ ആഭ്യന്തര സെക്രട്ടറി രാജീവ് മഹർഷി എന്നിവർ പത്മഭൂഷൺ നേടിയവരിൽ ഉൾപ്പെടുന്നു. ഒളിമ്പിക് സ്വർണം നേടിയ നീരജ് ചോപ്ര, ഗായകൻ സോനു നിഗം എന്നിവരടക്കം 107 പേർക്കാണ് പത്മശ്രീ. ഡൽഹി ജാമിയ മില്ലിയ വൈസ് ചാൻസലർ പ്രഫ. നജ്മ അക്തർ പത്മശ്രീ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.