'വനത്തിന്‍റെ എൻസൈക്ലോപീഡിയ'യായ തുളസി ഗൗഡ; നട്ടത് ലക്ഷത്തിലധികം മരങ്ങൾ
text_fieldsപരിസ്ഥിതി സംരക്ഷണത്തിന് ലോകത്തിന് തന്നെ മാതൃകയാകുകയാണ് 72കാരിയായ കർണാടകയിലെ ഈ മുത്തശ്ശി. 'വനത്തിന്‍റെ എൻസൈക്ലോപീഡിയ' എന്നാണ് ഇൗ മുത്തശ്ശിയുടെ വിളിപ്പേരുതന്നെ. ആദിവാസി വയോധികയായ തുളസി ഗൗഡയുടെ പേരിനൊപ്പം ഇനി പത്മശ്രീയും ചേർക്കും. രാജ്യത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുളസി ഗൗഡക്ക് സമ്മാനിച്ചു.
കർണാടകയിലെ ഹലക്കി ആദിവാസി േഗാത്രത്തിൽപ്പെട്ട ദരിദ്ര കുടുംബത്തിലായിരുന്നു തുളസിയുടെ ജനനം. വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത തുളസി പരമ്പരാഗത വേഷം മാത്രമാണ് ധരിക്കുക. ചെരിപ്പ് ഇടാറില്ല. പത്മ പുരസ്കാരം വാങ്ങാനെത്തിയതും പരമ്പരാഗത വേഷത്തിൽതന്നെ. വൈവിധ്യമാർന്ന സസ്യങ്ങളെയും ചെടികളെയും കുറിച്ചുള്ള വിപുലമായ അറിവാണ് വനത്തിന്‍റെ എൻസൈക്ലോപീഡിയ എന്ന വിളിപ്പേര് തുളസിക്ക് സമ്മാനിക്കാൻ കാരണം.
തന്‍റെ 12ാം വയസുമുതൽ ലക്ഷത്തിലധികം മരങ്ങൾ നടുക മാത്രമല്ല, പരിപാലിക്കുകയും ചെയ്തുപോന്നു. പ്രകൃതി സംരക്ഷണത്തോടുള്ള അർപ്പണ ബോധത്തെ തുടർന്ന് വനംവകുപ്പ് താൽകാലിക സന്നദ്ധ സേവകയായി നിയമിച്ചു. പിന്നീട് വനംവകുപ്പിൽതന്നെ സ്ഥിരം ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
72ാം വയസിലും പ്രകൃതി സംരക്ഷണമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് ഈ മുത്തശ്ശി. ഇപ്പോഴും മരങ്ങൾ നടുകയും സംരക്ഷിച്ചുപോരുകയും ചെയ്യുന്നു. കൂടാതെ പുതിയ തലമുറക്ക് പ്രകൃതിയുടെ പാഠങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രധാന്യവും പകർന്നുനൽകുന്നതിനായി അറിവ് പകർന്നു നൽകുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.