ആശുപത്രിക്കിടക്കയിലായിരുന്ന 71 വയസുള്ള പത്മശ്രീ ജേതാവിനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ചതായി പരാതി
text_fieldsഭുവനേശ്വർ: ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മശ്രീ ജേതാവിനെ നിർബന്ധിച്ച് ഡാൻസ് ചെയ്യിപ്പിച്ചതായി പരാതി. ഒഡീഷയിലെ കട്ടഖിലാണ് സംഭവം. വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് കമല പൂജാരിയെ(71)ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒഡീഷയിലെ പരജ ഗോത്ര വിഭാഗക്കാരിയാണ് കമല. ഐ.സി.യുവിൽ വെച്ചാണ് കമല പൂജാരിയെ സാമൂഹിക പ്രവർത്തക നിർബന്ധിച്ച് ഡാൻസ് ചെയ്യിപ്പിച്ചത്. ഇതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഗോത്രവർഗ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ആശുപത്രിയിൽ വെച്ച് കമല പൂജാരി നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹിക പ്രവർത്തകയായ മമത ബെഹറയും ഒപ്പം ഡാൻസ് ചെയ്യുന്നത് വിഡിയോയിൽ കാണാം. ''എനിക്ക് നൃത്തം ചെയ്യാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ അവർ എന്നെ നിർബന്ധിക്കുകയായിരുന്നു. ഒരുപാട് തവണ ഞാൻ പറ്റില്ലെന്നു പറഞ്ഞു. അവരത് കേട്ടതേയില്ല. ഞാൻ നല്ല ക്ഷീണിതയായിരുന്നു. പോരാത്തതിന് രോഗിയും.''-കമല പൂജാരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സാമൂഹിക പ്രവർത്തകക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം നടത്തുമെന്ന് ഒഡീഷയിലെ ഗോത്രവർഗ സംഘടന നേതാവ് ഹരീഷ് മുഡുലി പറഞ്ഞു. ജൈവ കൃഷി പ്രോൽസാഹിപ്പിക്കുന്നതും നൂറിലേറെ വൈവിധ്യമാർന്ന തദ്ദേശീയമായ വിത്തുകൾ സംരക്ഷിക്കുന്നതും പരിഗണിച്ച് 2019ഗാണ് കമലക്ക് പദ്മശ്രീ നൽകിയത്.
കട്ടഖിലെ എസ്.സി.ബി മെഡിക്കൽ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചത്. കമല പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആശംസിച്ചിരുന്നു. അതേസമയം, ഐ.സി.യുവിലല്ല, പ്രത്യേക കാബിനിലാണ് കമലയെ അഡ്മിറ്റ് ചെയ്തതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നൃത്തം ചെയ്യിപ്പിച്ചുവെന്നാരോപിച്ച സ്ത്രീ ആശുപത്രിയിൽ പതിവായി കമലയെ കാണാൻ വരാറുണ്ടായിരുന്നുവെന്നും അവർ സൂചിപ്പിച്ചു. എന്നാൽ പദ്മശ്രീ ജേതാവിനെ നൃത്തം ചെയ്യിപ്പിച്ചതിൽ തനിക്ക് ഗൂഢോദ്ദേശ്യമൊന്നും ഇല്ലായിരുന്നുവെന്ന് മമത ബെഹ്റ പറഞ്ഞു. കമല പൂജാരിയുടെ മടി മാറ്റുകയായിരുന്നു ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.