ഉവൈസിക്കും മായാവതിക്കും പത്മവിഭൂഷണോ ഭാരതരത്നയോ നൽകി ആദരിക്കണമെന്ന് സഞ്ജയ് റാവത്ത്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിക്കും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസിക്കും എതിരെ ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി മായാവതിയും ഉവൈസിയും നൽകിയ സംഭാവനകൾക്ക് ഇരുവർക്കും പത്മവിഭൂഷണോ ഭാരതരത്നയോ നൽകി ആദരിക്കണമെന്നായിരുന്നു റാവത്തിന്‍റെ പരിഹാസം.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം നേടി. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായിട്ടും സമാജ്വാദി പാർട്ടിക്ക് അവരുടെ സീറ്റുകളുടെ എണ്ണം മൂന്നിരിട്ടിയായി വർധിപ്പിക്കാൻ കഴിഞ്ഞു. അഖിലേഷ് യാദവ് സീറ്റുകൾ 42 ൽ നിന്ന് 125 ആയി വർധിപ്പിച്ചു. ബി.ജെ.പിയുടെ വിജയത്തിനായി മായാവതിയും ഉവൈസിയും പ്രവർത്തിക്കുകയായിരുന്നു. ഇവർ സംഭാവനകൾക്ക് പത്മവിഭൂഷണും ഭാരതരത്‌നയും നൽകി ആദരിക്കണമെന്ന് റാവത്ത് പറഞ്ഞു.
നാല് സംസ്ഥാനങ്ങളിൽ ബി.ജെ.പി വിജയിച്ചെങ്കിലും ഉത്തരാഖണ്ഡിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി തോറ്റു. ഗോവയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ പരാജയം നേരിട്ടു. പഞ്ചാബിൽ പാർട്ടി പൂർണമായി നിരസിക്കപ്പെടുകയായിരുന്നുവെന്നും റാവത്ത് ആരോപിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമുൾപ്പടെ എല്ലാ നേതാക്കളും പഞ്ചാബിൽ വൻ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ടാണ് പഞ്ചാബിൽ ബി.ജെ.പി പരാജയപ്പെട്ടത്? പഞ്ചാബിൽ കോൺഗ്രസിനേക്കാൾ വലിയ തോൽവി നേരിട്ടത് ബി.ജെ.പിയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.
ബി.എസ്.പിയും എ.ഐ.എം.ഐ.എമ്മും ചേർന്ന് ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുന്നതായി പ്രചരണ ഘട്ടങ്ങളിൽ പ്രതിപക്ഷം ആരോപിച്ചിരുന്നു.തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിന് പിന്നാലെ ഈ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച മയാവതി തന്‍റെ പാർട്ടിക്ക് മാത്രമേ ബി.ജെ.പിയെ തോൽപ്പിക്കാൻ സാധിക്കൂവെന്ന് അവകാശപ്പെട്ടു. പൊതുജന വിധി മാനിക്കുന്നുവെന്നും ഉത്തർപ്രദേശിൽ രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുകയാണെന്നും ഉവൈസിയുടെ പ്രതികരിച്ചു.
യു.പിയിൽ 403 സീറ്റുകളിൽ ആകെ 273 സീറ്റുകൾ നേടി ബി.ജെ.പി വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ സമാജ്‌വാദി പാര്‍ട്ടി 111 സീറ്റുകൾ നേടി വൻ തിരിച്ചു വരവ് നടത്തി. ബി.എസ്.പി ഒരു സീറ്റ് നേടിയപ്പോൾ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് സീറ്റുകളൊന്നും നേടാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.