കശ്മീർ തെരഞ്ഞെടുപ്പ്; ഗുപ്കർ മുന്നണി സ്ഥാനാർഥികളെ പ്രചാരണത്തിന് അനുവദിക്കുന്നില്ല -ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന ജില്ല വികസന സമിതി തെരഞ്ഞെടുപ്പിൽ പി.എ.ജി.ഡി (പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ) സ്ഥാനാർഥികളെ സുരക്ഷയുടെ പേരുപറഞ്ഞ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്ന് മുന്നണി അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല എം.പി. ഇതുസംബന്ധിച്ച് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് കമീഷനർ കെ.കെ. ശർമക്ക് അദ്ദേഹം കത്തെഴുതി.
സുരക്ഷയുടെ പേരിൽ സ്ഥാനാർഥികൾക്ക് പ്രചാരണത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് ഫാറൂഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. അവർക്ക് ജനങ്ങളുമായി ഇടപെടാൻ അവസരമില്ല. ആരാണോ വോട്ട് ചെയ്യേണ്ടത്, അവരിലേക്കെത്താൻ സാധിക്കുന്നില്ല.
നിലവിലെ സുരക്ഷാ സംവിധാനത്തിൽ ചിലർക്ക് മാത്രം സുരക്ഷ ഒരുക്കുമ്പോൾ മറ്റു ചിലർക്ക് സുരക്ഷയുടെ പേരിൽ തടവൊരുക്കുകയാണ്. സുരക്ഷയുടെ പേരിൽ പ്രചാരണത്തിന് അനുവദിക്കാത്തത് സ്ഥാനാർഥികളുടെ സുരക്ഷയിൽ ആശങ്കയുള്ളതു കൊണ്ടല്ല. ജനാധിപത്യ പ്രക്രിയയിൽ ഇടപെടാനുള്ള ശ്രമമാണ് പൊലീസിന്‍റെത്. ജനാധിപത്യപ്രക്രിയയിൽ ഇടപെടാനുള്ള ഒരു സംവിധാനമായി സുരക്ഷയെ മാറ്റരുത് -ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
പി.എ.ജി.ഡി ഉപാധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഇതേ ആശങ്കയുന്നയിച്ചു. ബി.ജെ.പിക്കാരല്ലാത്തവരുടെ സ്ഥാനാർഥിത്വം അട്ടിമറിക്കപ്പെടുകയാണ്. പി.ഡി.പിയുടെ ബഷീർ അഹ്മദിന് മതിയായ സുരക്ഷയുണ്ടായിട്ടും അദ്ദേഹത്തെ സുരക്ഷയുടെ പേരിൽ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. നാമനിർദേശം സമർപ്പിക്കേണ്ട അവസാന ദിനമായിട്ടുപോലും അദ്ദേഹത്തെ പുറത്തിറക്കിയിട്ടില്ല -മെഹബൂബ മുഫ്തി പറഞ്ഞു.
ജമ്മു കശ്മീരിൽ ജില്ല വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 28നാണ് ആരംഭിക്കുന്നത്. ഡിസംബർ 19 വരെ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ 22നാണ് ഫലപ്രഖ്യാപനം.
നാഷനല്‍ കോണ്‍ഫറൻസ്, പീപ്ള്‍സ് െഡമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി), സി.പി.എം, സജ്ജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസ് എന്നിവയടക്കം പ്രധാന ഏഴ് രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ചതാണ് പി.എ.ജി.ഡി (പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ). തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കാൻ സഖ്യം തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.