ചോരച്ചൊവ്വ; ഒരിക്കൽക്കൂടി രക്തക്കളമായി പഹൽഗാം
text_fieldsജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ തീവ്രവാദികൾ വിനോദസഞ്ചാരികളെ വധിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ ശക്തമാക്കിയപ്പോൾ
പഹൽഗാം: തെക്കൻ കശ്മീരിലെ പഹൽഗാം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, ദുരന്തഭൂമികൂടിയാണ്. വനങ്ങളാൽ ചുറ്റപ്പെട്ട, കാൽനടയായോ കഴുതപ്പുറത്തോ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ പുൽമേട്ടിൽ മുമ്പും ഭീകരാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2000ത്തിൽ, പഹൽഗാമിലെ അമർനാഥ് ബേസ് ക്യാമ്പിനുനേരെയുണ്ടായ ആക്രമണമാണ് ഇതിൽ ഏറ്റവും വലുത്.
അന്നത്തെ ഭീകരാക്രമണത്തിൽ 30 ആളുകളാണ് കൊല്ലപ്പെട്ടത്; 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2001ൽ അമർനാഥ് തീർഥാടകരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. തൊട്ടടുത്ത വർഷവും ദുരന്തം ആവർത്തിച്ചപ്പോൾ മരണം 11. 2017ലും പഹൽഗാമിൽ ഭീകരവാദികൾ രക്തം ചിന്തി. അന്ന് എട്ട് തീർഥാടകരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം, മേഖലയിൽ കാര്യമായ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
കഴിഞ്ഞ മേയിലാണ് പിന്നീട് ഭീകരാക്രമണമുണ്ടായത്. അന്ന്, രാജസ്ഥാനിൽനിന്നുള്ള വിനോദസഞ്ചാരികളായ ദമ്പതികളാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ ഒരിക്കൽകൂടി 2000ത്തിലെ ഭീകരാക്രമണത്തെ ഓർമിപ്പിക്കുംവിധമുള്ള സംഭവവികാസങ്ങൾക്കാണ് പഹൽഗാം സാക്ഷ്യം വഹിച്ചത്. അക്ഷരാർഥത്തിൽതന്നെ, പഹൽഗാം പുൽമേടുകൾ രക്തക്കളമായെന്ന് അതിജീവിതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
സംഭവം നടക്കുമ്പോൾ മേഖലയിൽ 40ലധികം വിനോദസഞ്ചാരികളും ടൂറിസ്റ്റ് ഗൈഡുകളും സഞ്ചാരികൾക്കുള്ള കഴുതകളെ പരിപാലിക്കുന്നവരുമാണുണ്ടായിരുന്നത്. വനമേഖലയിൽനിന്ന് പൊടുന്നനെ ഭീകരവാദികൾ വെടിയുതിർത്തപ്പോൾ, സ്ഥലം പരിചയമുള്ള ഗൈഡുകളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായുള്ള വിനോദസഞ്ചാരികൾ മേഖലയിൽ കുടുങ്ങിപ്പോവുകയും ചെയ്തു.
സംഭവമറിഞ്ഞ്, സൈന്യവും പൊലീസും അർധ സൈന്യവും അവിടെ എത്തുമ്പോഴേക്കും ഡസനിലധികം പേർ മരിച്ചുവീണിരുന്നു. ദുരന്ത സ്ഥലത്തേക്ക് ഹെലികോപ്ടർ എത്തിച്ചാണ് അതിജീവിതരെ ഒഴിപ്പിച്ചത്. അതിനുമുമ്പുതന്നെ പരിക്കേറ്റ ചിലരെ ഗൈഡുമാരുടെ സഹായത്തോടെ കഴുതപ്പുറത്ത് കയറ്റി താഴ്വരയിലെ ആശുപത്രിയിലെത്തിച്ചു.
പഹൽഗാമിലെ ഭീകരാക്രമണം, മേഖലയെ ഒന്നാകെ നിശ്ചലമാക്കി. ടൂറിസ്റ്റ് സീസണായതിനാൽ കശ്മീരിലെങ്ങും വലിയ തിരക്കാണ് അനുഭവെപ്പടുന്നത്. ഭീകരാക്രമണ വാർത്ത പുറത്തുവന്ന നിമിഷം മുതൽ മേഖല ഒട്ടാകെ വിജനമായി. പല വിനോദസഞ്ചാര ഏജൻസികളും തങ്ങളുടെ യാത്രികരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ കശ്മീരിലെ ഹോട് സ്പോട്ടുകളിലൊന്നാണ് പഹൽഗാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.