വിനോദ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാൻ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു; ഒടുവിൽ രക്തസാക്ഷിയായി സയ്യിദ് ആദിൽ ഹുസൈൻ ഷാ
text_fieldsചൊവ്വാഴ്ചയാണ് കശ്മീർ താഴ്വരകളെ ചോരച്ചുവപ്പിൽ ഭീകരർ അസ്ഥിരമാക്കിയത്. നീട്ടിപ്പിടിച്ച തോക്കുകളുമായി വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ പാഞ്ഞടുക്കുമ്പോൾ അവരെ സംരക്ഷിക്കാനായി തന്റെ ജീവൻ പോലും ത്യജിച്ച ഒരു കശ്മീരിയുണ്ട്. സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്നാണാ ധീരമനുഷ്യന്റെ പേര്. തന്റെ കുതിരപ്പുറത്ത് കയറിയ വിനോദസഞ്ചാരിക്കു നേരെ വെടിയുതിർക്കാൻ തുനിഞ്ഞ ഭീകരന്റെ കൈയിൽ നിന്ന് തോക്കു പിടിച്ചുവാങ്ങുകയായിരുന്നു ആദിൽ. പിന്നീട് മറ്റ് ഭീകരരുടെ വെടിയേറ്റ് വധിക്കപ്പെടാനായിരുന്നു ആ മനുഷ്യന്റെ വിധി. പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബമുണ്ട് ആദിലിന്. അവരുടെ അത്താണിയാണ് ഇല്ലാതായത്.
പഹൽഗാമിലെ കാർ പാർക്കിങ് ഏരിയയിൽ നിന്ന് കാൽനടയായി മാത്രം എത്തിച്ചേരാവുന്ന ബൈസരൻ പുൽമേടിലേക്ക് കുതിരപ്പുറത്ത് വിനോദ സഞ്ചാരികളെ എത്തിക്കുന്നവരിൽ ഒരാളായിരുന്നു ആദിൽ. അതായിരുന്നു ഏക വരുമാന മാർഗവും. . ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരോയൊരു കശ്മീരിയും സയ്യിദ് ആദിൽ ഹുസൈൻ ഷാ ആണ്. മുസ്‍ലിംകളല്ലാത്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു ഭീകരർ.
സഞ്ചാരികളെ തെരഞ്ഞു പിടിച്ച് ഭീകരരർ ചോദ്യം ചെയ്യുകയായിരുന്നു. മുസ്‍ലിംകളല്ലെന്ന് ഉറപ്പിച്ച് വെടിവെക്കാനൊരുങ്ങവെയാണ് ആദിൽ അവരുടെ കൈയിൽനിന്ന് തോക്ക് തട്ടിപ്പറിച്ചത്. വലിയൊരാൾക്കൂട്ടം അവിടെയുണ്ടായിരുന്നുവെങ്കിലും ഭീകരരോട് ഏറ്റുമുട്ടാൻ ധൈര്യം കാണിച്ചത് ആദിൽ മാത്രമായിരുന്നു.
''ചൊവ്വാഴ്ച ജോലിക്കായി പഹൽഗാമിലേക്ക് പോയതാണ് എന്റെ മകൻ. മൂന്നുമണിയോടെ ഞങ്ങൾ ആക്രമണത്തെ കുറിച്ചറിഞ്ഞു. അവനെ വിളിച്ചുനോക്കിയപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വൈകീട്ട് 4.40 ആയതോടെ ഫോൺ ഓൺ ആയി. ഞങ്ങൾ വിളിച്ചുകൊണ്ടേയിരുന്നു. എന്നാൽ ആരും ഫോണെടുത്തില്ല. തുടർന്ന് ഞങ്ങളുടൻ പൊലീസ് സ്റ്റേഷനിലെത്തി. അങ്ങനെയാണ് അവന് വെടിയേറ്റത് മനസിലായത്. ഇതിനു പിന്നിൽ ആരായാലും ശക്തമായ തിരിച്ചടി തന്നെയുണ്ടാകും.''-ആദിലിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.