‘കശ്മീരികൾക്ക് മതിയായി; ഭീകരർക്കെതിരാണെന്ന് അവർ തെളിയിച്ചു’; ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചതിനെ കുറിച്ച് ഗുലാം നബി ആസാദ്
text_fieldsശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തോട് കശ്മീരിലെ ജനങ്ങൾ പ്രതികരിച്ച രീതിയെ കുറിച്ച് വിവരിക്കുകയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി) അധ്യക്ഷൻ ഗുലാം നബി ആസാദ്. ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ ഒന്നടങ്കം വിലപിക്കുന്നതും ഓരോ ഗ്രാമവും ജില്ലയും നഗരവും അടച്ചിട്ടിരിക്കുന്നതും ആദ്യമായാണ് കാണുന്നതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
ജമ്മു കശ്മീരിലെ ചില പള്ളികളിൽ ഭീകരർക്ക് വേണ്ടി പിന്തുണ അഭ്യർഥിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പള്ളി ഇമാമുമാർ ഇപ്പോൾ ഭീകരർക്കെതിരെ സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നതെന്ന് ഗുലാം നബി ആസാദ് പറഞ്ഞതായി ദേശീയ വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ജനങ്ങൾ സമാനമായ സംഭവങ്ങളിൽ മുമ്പ് അപൂർവമായെ അപലപിച്ചിരുന്നുള്ളൂ. ഒരു പക്ഷേ ഭീകരർക്കെതിരെ സംസാരിച്ചാൽ ജീവന് ആപത്തുണ്ടാകുമെന്ന് ഭയന്നിരുന്നത് കൊണ്ടാവാം. എന്നാൽ, ജമ്മു കശ്മീർ ഒന്നടങ്കം വിലപിക്കുന്നതും പ്രതിഷേധിക്കുന്നതും ആദ്യമായാണ്.
ഇന്ന് ഒരു തീവ്രവാദി നിങ്ങളുടെ മതം എന്താണെന്ന് ചോദിച്ചാൽ അതിനർഥം പാകിസ്താൻ പിന്തുണക്കുന്ന ഭീകരർ നമ്മുടെ മനുഷ്യത്വത്തെയും കശ്മീരികളുടെ സ്വത്വത്തിനെയും ആക്രമിച്ചിരിക്കുന്നു എന്നാണ്. ഒരുപക്ഷേ ഇതുകൊണ്ടാവാം മുസ് ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിലെ മുസ് ലിംകൾ ഭീകരർക്കെതിരെ നിലകൊണ്ടതും തങ്ങൾക്ക് മതിയായെന്ന് പറയുന്നതും. ഭീകരർക്ക് മുസ് ലിംകൾ അഭയം നൽകുന്നുവെന്ന് മുമ്പ് ആരോപണം ഉയർന്നിരുന്നു. എന്നാൽ, തങ്ങൾ ഭീകരർക്ക് എതിരാണെന്ന് ഇന്നവർ തെളിയിച്ചിരിക്കുന്നു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. കൊല്ലപ്പെട്ട ഹിന്ദു സഹോദരീ സഹോദരന്മാർക്കൊപ്പമാണെന്നും തീവ്രവാദികൾക്കെതിരാണെന്നും കശ്മീരിലെ മുസ് ലിംകൾ നൽകിയ സന്ദേശത്തിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിനെതിരെ ജമ്മു കശ്മീരിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തെരുവിലിറങ്ങിയ ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ഭീകരർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.