പഹൽഗാം ഭീകരാക്രമണം; ആശങ്കമുനമ്പിൽ കശ്മീർ ജനത
text_fieldsപഹൽഗാമിലെ ബൈസാരനിൽ ഭീകരർ 26 സഞ്ചാരികളെ വെടിവെച്ചുകൊന്ന സ്ഥലം
25 വിനോദസഞ്ചാരികളുടെയും ഒരു കശ്മീരി യുവാവിന്റെയും ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം ഇന്ത്യയെയും പാകിസ്താനെയും വീണ്ടുമൊരു യുദ്ധത്തിന്റെ വക്കിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. സൈനിക വേഷത്തിലെത്തിയ ഭീകരർ 26 പേരുടെ ഇടനെഞ്ചിലേക്ക് മാത്രമല്ല, കശ്മീർ താഴ്വരയുടെ സമാധാനത്തിനു നേരെയാണ് നിറയൊഴിച്ചത്. കശ്മീരിൽ എല്ലാം ശാന്തമാണെന്ന നരേന്ദ്ര മോദി സർക്കാറിന്റെ അവകാശവാദത്തിനും ഇത് വിള്ളലേൽപിച്ചിരിക്കുന്നു. ഈ കൊടുംക്രൂരതയുടെ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. മേഖലയിൽ പുഷ്ടിപ്പെട്ടുവന്ന വിനോദസഞ്ചാര വ്യവസായ മേഖലക്കും ഭീകരാക്രമണം കടുത്ത പ്രഹരമായി മാറും. കഴിഞ്ഞ വർഷം 30 ലക്ഷത്തിലേറെ സഞ്ചാരികളാണ് കശ്മീരിലെത്തിയത്.
‘എന്റെ പേരിൽ വേണ്ട’, ‘ഭീകരവാദം അംഗീകരിക്കാനാവില്ല’
ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞ കശ്മീരിലെ പൊതുസമൂഹം സംഭവത്തിൽ പ്രതിഷേധവും ദുഃഖവുമറിയിച്ച് ബുധനാഴ്ച താഴ്വരയിലെമ്പാടും കടകമ്പോളങ്ങൾ അടച്ചിട്ടു. ശ്രീനഗറിലെ ഘണ്ഠാ ഘർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ‘എന്റെ പേരിൽ വേണ്ട’, ‘ഭീകരവാദം അംഗീകരിക്കാനാവില്ല’ എന്നിങ്ങനെയെഴുതിയ പ്ലക്കാർഡുകളും ജനങ്ങൾ സ്ഥാപിച്ചിരുന്നു. കശ്മീരിൽനിന്നിറങ്ങുന്ന ഒട്ടുമിക്ക മുൻനിര പത്രങ്ങളും ഒന്നാം പേജ് കറുത്ത നിറത്തിലാണ് പ്രസിദ്ധീകരിച്ചത്.
ഹുർരിയത്ത് നേതാവ് മീർവാഇസ് ഉമർ ഫാറൂഖ്, തൊഴിലാളി സംഘടനകൾ, മതപണ്ഡിതർ തുടങ്ങിയവരെല്ലാം താഴ്വരയിലെ ബന്ദിനെയും പ്രതിഷേധങ്ങളെയും പിന്തുണച്ചു. പ്രധാന രാഷ്ട്രീയ സംഘടനകളായ നാഷനൽ കോൺഫറൻസും പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയും പ്രതിഷേധവുമായി രംഗത്തിറങ്ങി. മുഖ്യമന്ത്രി ഉമർ അബ്ദുല്ല വിളിച്ചുചേർത്ത സർവകക്ഷിയോഗം ഒറ്റക്കെട്ടായി ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ തള്ളിപ്പറഞ്ഞു. ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഇരകളോട് ഐക്യദാർഢ്യമറിയിച്ച് ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദിൽ വിശ്വാസികൾ മൗനാചരണം നടത്തുന്ന അപൂർവ കാഴ്ചക്കും ശ്രീനഗർ സാക്ഷ്യം വഹിച്ചു.
സുരക്ഷയൊരുക്കുന്നതിൽ വൻ വീഴ്ച
സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിലെ അലംഭാവം വ്യാപകമായ വിമർശനവിധേയമായിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പതിവായി എത്താറുള്ള ഇടമാണെങ്കിലും സൈനിക വിന്യാസത്തിന്റെ അഭാവം വീഴ്ചയായി. കിഷ്ത്വാറിലേക്കും ബാൾട്ടാലിലേക്കും വ്യാപിച്ചുകിടക്കുന്ന വിദൂര പർവത പാതകളുമായി ബന്ധിപ്പിക്കുന്ന ബൈസരണിന് ചുറ്റുമുള്ള ഇടതൂർന്ന വനമേഖല ആക്രമണകാരികൾക്ക് ഒളിസങ്കേതമൊരുക്കി.
ഡ്രോണുകളുടെയും ഹെലികോപ്ടറുകളുടെയും പിന്തുണയോടെ കമാൻഡോകൾ ചുറ്റുമുള്ള വനങ്ങളിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. നാല് ലശ്കർ ഭീകരരും രണ്ട് പാകിസ്താനികളും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായാണ് പൊലീസിന്റെ നിഗമനം.
ആക്രമണമുക്ത കശ്മീർ അകലെ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസും സുരക്ഷാ സേനയും തീവ്രവാദികൾക്കും അവരോട് അനുഭാവം പുലർത്തുന്നുവെന്ന് കരുതുന്നവർക്കുമെതിരെ കർക്കശമായ നയം കൈക്കൊള്ളുമ്പോഴും ജമ്മു-കശ്മീർ ആക്രമണങ്ങളിൽനിന്ന് മുക്തമാവുന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമല്ല. അർഥവത്തായ രാഷ്ട്രീയ ഇടപെടലിന്റെ അഭാവവും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ലഭ്യമായ പരിമിതമായ അധികാരങ്ങളും ജനങ്ങൾക്കിടയിൽ അന്യതാബോധം ആഴത്തിലാക്കുകയാണ്.
2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് സമാനമായ സാഹചര്യമാണ് പഹൽഗാം അതിക്രമത്തിനു ശേഷം രൂപപ്പെട്ടിരിക്കുന്നത്. അന്ന്, ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിന്റെ ആത്മഹത്യ സ്ക്വാഡ് അംഗമായിരുന്ന ആദിൽ ദർ സി.ആർ.പി.എഫ് സംഘം സഞ്ചരിച്ച ബസിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റി 40 സുരക്ഷ ഉദ്യോഗസ്ഥരുടെ ജീവനാണ് കവർന്നത്. പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ അതിന് മറുപടി നൽകിയത്.
പിറ്റേന്നാൾ പാകിസ്താനും തിരിച്ചടിയുമായി ഇറങ്ങിയതോടെ അന്നും ഇന്ത്യയും പാകിസ്താനും യുദ്ധവക്കിലെത്തിയിരുന്നു. കശ്മീർ ജനതയുടെ ദുരിതങ്ങളെ ഇരട്ടിപ്പിക്കുന്നതാണ് പഹൽഗാം ഭീകരാക്രമണം. അതിർത്തിയിൽ വീണ്ടും യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടിയതോടെ കടുത്ത ആശങ്കയിലാണ് ജനം. നയതന്ത്രബന്ധങ്ങൾ വഷളായതോടെ അശാന്തിയും സംഘർഷങ്ങളും വ്യാപകമാകുമെന്ന് അവർ ഭയപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.