സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി ഉടൻ മടങ്ങും
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ മടങ്ങും. ബുധനാഴ്ച പുലർച്ചെ മോദി ഡൽഹിയിലെത്തുമെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാവിലെയാണ് മോദി രണ്ടുദിന സന്ദർശനത്തിനായി സൗദിയിലെത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു അദ്ദേഹം മടങ്ങേണ്ടിയിരുന്നത്. 25ലേറെ പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുന്നത്.
പഹൽഗാം ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചിരുന്നു. ഈ ക്രൂരകൃത്യം ചെയ്തവർ ആരായാലും വെറുതെവിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
'ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഇത്രയും ക്രൂരമായ കൃത്യം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അവരെ ഒരുതരത്തിലും വെറുതേ വിടില്ല. അവരുടെ ദുഷിച്ച പദ്ധതി ഒരിക്കലും നടപ്പിലാകില്ല. ഭീകരവാദം ഇല്ലാതാക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിൽ ഒരിളക്കവും സംഭവിക്കില്ല, അതുകൂടുതല്‍ ശക്തമായി തുടരും' -മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.
ഭീകരാക്രമണത്തിൽ 25ലേറെ പേർ കൊല്ലപ്പെട്ടതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.
ആക്രമണത്തിന് ശേഷം ഭീകരർ സ്ഥലത്തുനിന്ന് കടന്നിരുന്നു. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.