പഹൽഗാം ഭീകരാക്രമണം; രാഹുൽ ഗാന്ധി ഇന്ന് ജമ്മു-കശ്മീരിലെത്തും
text_fieldsപഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പട്ടണത്തിനടുത്തുള്ള പുൽമേട്ടിൽ തീവ്രവാദികൾ വെടിയുതിർത്തതിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചു. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും.
Live Updates
- 24 April 2025 5:44 PM
പാകിസ്താൻ വ്യോമാതിർത്തി അടക്കൽ: നിർദേശങ്ങളുമായി വിമാന കമ്പനികൾ
ന്യൂഡൽഹി: പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെ യാത്രക്കാർക്ക് കരുതൽ നിർദേശങ്ങളുമായി ഇന്ത്യൻ വിമാന കമ്പനികൾ. ബദൽ പാതയിലേക്ക് വ്യോമഗതാഗതം തിരിച്ചുവിടുന്നത് ചില അന്താരാഷ്ട്ര സർവിസുകളെ ബാധിച്ചേക്കുമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും ‘എക്സി’ലെ കുറിപ്പിൽ അറിയിച്ചു.
സ്പൈസ് ജെറ്റും സമാന അറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ പുറപ്പെട്ട വിമാനങ്ങൾ പലതും പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കി സർവിസ് തുടരുന്നതിനാൽ കാലതാമസമുണ്ടായേക്കുമെന്നും കമ്പനികൾ അറിയിപ്പിൽ വ്യക്തമാക്കി. വ്യോമപാതയിലുള്ള മാറ്റം അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവിസുകളെ ബാധിച്ചേക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ സമയക്രമവും ഷെഡ്യൂളുകളും വീണ്ടും പരിശോധിക്കണമെന്നും അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനികൾ നിർദേശിച്ചു.
- 24 April 2025 5:20 PM
ജമ്മുവിൽനിന്ന് അധിക ട്രെയിൻ സർവിസുമായി റെയിൽവേ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അധിക ട്രെയിൻ സർവിസുമായി റെയിൽവേ. ജമ്മു-കശ്മീരിലെ കത്രയിൽനിന്ന് ഡൽഹിയിലേക്കുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിൻ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പുറപ്പെട്ടു. ബുധനാഴ്ചയും ഇതേ പാതയിൽ റിസർവേഷനില്ലാത്ത പ്രത്യേക ട്രെയിൻ സർവിസ് നടത്തിയിരുന്നു. ആവശ്യമെങ്കിൽ തുടർദിവസങ്ങളിലും പ്രത്യേക സർവിസുകൾ പരിഗണിക്കുമെന്ന് നോർത്തേൺ റെയിൽവേ അധികൃതർ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന വിനോദസഞ്ചാരികൾക്കായി ജമ്മു താവി, കത്ര സ്റ്റേഷനുകളിൽ പ്രത്യേക ഹെൽപ് െഡസ്കുകൾ നിലവിൽ വന്നതായി റെയിൽവേ മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ ജമ്മുവിൽ സി.സി.ടി.വി നിരീക്ഷണ സംവിധാനമുൾപ്പെടുത്തി കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാർക്കായി ഹെൽപ് ലൈൻ നമ്പറുകളും ഏർപ്പെടുത്തി. ജമ്മു താവി: 0191-2470116, ജമ്മു മേഖല-1072, കത്ര, ഉദംപുർ: 01991-234876, 7717306616.
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾ യാത്രകൾ വെട്ടിച്ചുരുക്കി മടക്കമാരംഭിച്ചതോടെ വിവിധ കേന്ദ്രങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് അധിക വിമാന സർവിസ് നടത്താൻ വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. റോഡുമാർഗവും കനത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു.
- 24 April 2025 5:05 PM
ഭീകരാക്രമണത്തിൽ പാകിസ്താൻ പങ്കിനെ ന്യായീകരിച്ചെന്ന്; അസം എം.എൽ.എ അറസ്റ്റിൽ
ഗുവാഹതി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ അസം എം.എൽ.എ അറസ്റ്റിൽ. പാകിസ്താൻ പങ്കാളിത്തത്തെ ന്യായീകരിച്ചതായി ആരോപിച്ച് അസമിലെ പ്രതിപക്ഷ എം.എൽ.എയും എ.ഐ.യു.ഡി.എഫ് നേതാവുമായ അമിനുൽ ഇസ്‍ലാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പാകിസ്താനെയും ആക്രമണത്തിൽ അവരുടെ പങ്കാളിത്തത്തെയും ന്യായീകരിക്കുന്ന വിഡിയോ പുറത്തിറക്കിയതിനാണ് അറസ്റ്റെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വിവാദമായതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനും പിന്നിൽ സർക്കാർ ഗൂഢാലോചനയുണ്ടെന്ന തരത്തിൽ എം.എൽ.എ പരാമർശം നടത്തിയെന്നാണ് ആരോപണം
- 24 April 2025 5:04 PM
നടപടികളുമായി പാകിസ്താനും; വ്യോമ മേഖല അടച്ചു, ഷിംല കരാർ മരവിപ്പിക്കും, ഇന്ത്യയുമായുള്ള വ്യാപാര ബന്ധവും വിച്ഛേദിച്ചു
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.
- 24 April 2025 5:04 PM
വയനാട്ടിൽ വീണ്ടും കാട്ടാനക്കലി; ഒരു മരണം
മേപ്പാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം. എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ മേപ്പാടി ടൗണിന് സമീപം ചെമ്പ്ര മലയുടെ താഴ് വാര പ്രദേശമായ എരുമകൊല്ലി പൂളക്കുന്നാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അറുമുഖൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. അറുമുഖൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. വൈകിയിട്ടും അറുമുഖൻ വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉന്നതിക്ക് സമീപത്തെ തേയിലത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേപ്പാടി പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.