ജമ്മുവിൽനിന്ന് അധിക ട്രെയിൻ സർവിസുമായി റെയിൽവേ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അധിക ട്രെയിൻ സർവിസുമായി റെയിൽവേ. ജമ്മു-കശ്മീരിലെ കത്രയിൽനിന്ന് ഡൽഹിയിലേക്കുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിൻ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പുറപ്പെട്ടു. ബുധനാഴ്ചയും ഇതേ പാതയിൽ റിസർവേഷനില്ലാത്ത പ്രത്യേക ട്രെയിൻ സർവിസ് നടത്തിയിരുന്നു. ആവശ്യമെങ്കിൽ തുടർദിവസങ്ങളിലും പ്രത്യേക സർവിസുകൾ പരിഗണിക്കുമെന്ന് നോർത്തേൺ റെയിൽവേ അധികൃതർ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന വിനോദസഞ്ചാരികൾക്കായി ജമ്മു താവി, കത്ര സ്റ്റേഷനുകളിൽ പ്രത്യേക ഹെൽപ് െഡസ്കുകൾ നിലവിൽ വന്നതായി റെയിൽവേ മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ ജമ്മുവിൽ സി.സി.ടി.വി നിരീക്ഷണ സംവിധാനമുൾപ്പെടുത്തി കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാർക്കായി ഹെൽപ് ലൈൻ നമ്പറുകളും ഏർപ്പെടുത്തി. ജമ്മു താവി: 0191-2470116, ജമ്മു മേഖല-1072, കത്ര, ഉദംപുർ: 01991-234876, 7717306616.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾ യാത്രകൾ വെട്ടിച്ചുരുക്കി മടക്കമാരംഭിച്ചതോടെ വിവിധ കേന്ദ്രങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് അധിക വിമാന സർവിസ് നടത്താൻ വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. റോഡുമാർഗവും കനത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.