കോടതിയലക്ഷ്യം: മാപ്പ് പറയില്ല; പൗരെൻറ കർത്തവ്യമാണ് നിറവേറ്റിയത് -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പുനർവിചിന്തനം നടത്തുകയും തെറ്റു തിരുത്തുകയും ചെയ്യണമെന്ന് സുപ്രീം കോടതി. ഇതിനായി ഭൂഷണ് കോടതി രണ്ട്-മൂന്ന് ദിവസം അനുവദിച്ചു. എന്നാൽ, ദയ ചോദിക്കുന്നില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും പ്രശാന്ത് ഭൂഷണ് കോടതിയിൽ ബോധിപ്പിച്ചു. താന്‍ വിശ്വസിക്കുന്നതാണ് തെൻറ ട്വീറ്റുകൾ. അതില്‍ ഉറച്ചുനില്‍ക്കുകയാണ്.
ശിക്ഷിക്കപ്പെടുമെന്നോർത്തല്ല, തെറ്റിദ്ധരിക്കപ്പെട്ടതിലാണ് വിഷമമെന്ന് ഭൂഷൺ പറഞ്ഞു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലും ആവശ്യപ്പെട്ടു. എ.ജിയും പ്രശാന്ത് ഭൂഷണിനൊപ്പം നിന്നതോടെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ച സുപ്രീംകോടതി, തെറ്റുതിരുത്താന്‍ പ്രശാന്ത് ഭൂഷണിന് ഒരവസരം കൂടി നല്‍കുകയായിരുന്നു.
ചീഫ് ജസ്റ്റിസിനും മൂന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ രണ്ട് ട്വീറ്റുകളിലൂടെ നടത്തിയ വിമര്‍ശനത്തിന് പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് വിധിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിനുള്ള ശിക്ഷ വിധിക്കാനാണ് വ്യാഴാഴ്ച വാദം കേള്‍ക്കാനിരുന്നത്. വാദത്തിനിടയിലായിരുന്നു പ്രശാന്ത് ഭൂഷണ് തെൻറ പ്രസ്താവന കോടതിക്കു മുമ്പാകെ നല്‍കിയത്.
കോടതിക്കെതിരായ ആക്രമണം നടത്തിയതിന് താന്‍ കുറ്റക്കാരനാണെന്ന വിധി ഞെട്ടിച്ചുവെന്ന് പ്രശാന്ത് പ്രസ്താവിച്ചു. അത്തരമൊരു ആക്രമണം താന്‍ നടത്തിയതിെൻറ തെളിവൊന്നും നല്‍കാതെയാണ് കോടതി ഇത്തരമൊരു തീര്പ്പിലെത്തിയത്. രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ഉത്തമമായ ധര്‍മം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഭൂഷണ് വ്യക്തമാക്കി. പ്രസ്താവന കേട്ടതോടെ ശിക്ഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും മുമ്പ് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ''രണ്ടു മൂന്നു ദിവസംകൂടി സമയം തരുന്നു. താങ്കള്‍ പുനര്‍വിചിന്തനം നടത്തണം. ഇപ്പോള്‍ വിധിപ്രസ്താവം നടത്തുന്നില്ലെന്നും ജസ്റ്റിസ് മിശ്ര കൂട്ടിച്ചേര്‍ത്തു.
സത്യവാങ്മൂലം വായിച്ചില്ലെന്ന് ബെഞ്ച്
കോടതിയലക്ഷ്യ നിയമത്തിെൻറ 13ാം വകുപ്പ് പ്രകാരം, ഒരാള്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തി നടത്തുന്ന വിമര്‍ശനം കോടതിയലക്ഷ്യമാകില്ലെന്ന് ഭൂഷണ് വേണ്ടി ഹാജരായ രാജീവ് ധവാന് വാദിച്ചു. സത്യവാങ്മൂലത്തില്‍ എന്തുകൊണ്ട് തെൻറ വിമര്‍ശനം കോടതിയലക്ഷ്യമാകില്ലെന്ന് ഭൂഷണ് വിശദീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് തങ്ങളത് മുഴുവന്‍ നോക്കിയിട്ടില്ലെന്ന് ബെഞ്ച് തുറന്നുപറഞ്ഞത്.
സുപ്രീംകോടതിയെ പ്രതിരോധത്തിലാക്കി എ.ജി
സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിമാര്‍ നടത്തിയ വിമര്ശനംതന്നെയാണ് പ്രശാന്ത് ഭൂഷണും നടത്തിയിട്ടുള്ളതെന്ന് എ.ജി കെ.കെ. വേണുഗോപാല്‍ ഓര്‍മിപ്പിച്ചു. കേസിെൻറ മെറിറ്റില്‍ താങ്കളിനി വാദിക്കേണ്ട എന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ പ്രതികരണം. അദ്ദേഹം നടത്തിയ പ്രസ്താവന പ്രതിരോധമാണെന്നും അതില്‍ പുനര്‍വിചിന്തനം നടത്താതെ അറ്റോണിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
വാദം മാറ്റിവെക്കണമെന്ന അപേക്ഷ തള്ളി
പുനഃപരിശോധന ഹരജി സമര്‍പ്പിക്കുന്നതിനാല്‍ ശിക്ഷയിൽ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന ഭൂഷണിെൻറ അപേക്ഷ സുപ്രീംകോടതി തള്ളി. ശിക്ഷാവിധിയുമായി മുന്നോട്ടുപോകുമെന്നും അതിനു ശേഷവും പുനഃപരിശോധന ഹരജി സമര്‍പ്പിക്കാനുള്ള നിയമപരമായ ഒരു മാസത്തെ സാവകാശം നല്‍കുമെന്നും അതില്‍ തീരുമാനമാകാതെ, വിധിക്കുന്ന ശിക്ഷ നടപ്പാക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയിലെ നീണ്ട സേവനപാരമ്പര്യവും വര്‍ഷങ്ങളായി നിരവധി വിഷയങ്ങളില്‍ ഭൂഷണ് നടത്തിയ പോരാട്ടവും എല്ലാമുണ്ടെങ്കിലും തെറ്റുചെയ്തുവെന്ന് അദ്ദേഹം അംഗീകരിക്കുന്നതുവരെ വിധിയില്‍നിന്ന് പിറകോട്ടില്ലെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഭൂഷണ് എന്ന് മറുപടി നല്‍കണമെന്നോ തങ്ങള്‍ എന്ന് ശിക്ഷ വിധിക്കുമെന്നോ പറയാതെയാണ് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയുളള വാദം കേള്‍ക്കല്‍ ബെഞ്ച് അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.