ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ പാക് മാഫിയ തലവൻ ഹാജി സലിം എൽ.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചുവെന്ന്
text_fieldsഇസ്‍ലാമാബാദ്: അധോലോക നായകൻ ദാവുദ് ഇബ്രാഹീമുമായി അടുപ്പമുള്ള കറാച്ചിയിൽ നിന്നുള്ള മാഫിയ തലവൻ ശ്രീലങ്കയിലെ എൽ.ടി.ടി.ഇയെ(ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം)പുനർജീവിപ്പിക്കാൻ ശ്രമം നടത്തിയതായി റിപ്പോർട്ട്. ഇന്ത്യ വഴി എൽ.ടി.ടി.ഇക്ക് വലിയ തോതിൽ ആയുധങ്ങളും മയക്കുമരുന്നുകളും കടത്താൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിലെയും ഇന്ത്യൻ സമുദ്രത്തിലെയും ദശലക്ഷക്കണക്കിന് ഡോളർ വില വരുന്ന മയക്കുമരുന്ന് കടത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഹാജി സലിം ആണെന്നാണ് കരുതുന്നത്. കറാച്ചിയിലെ ദാവൂദ് ഇബ്രാഹിമിന്റെ വസതിയിൽ ഇയാൾ പതിവായി എത്താറുണ്ട്. മയക്കുമരുന്ന് കടത്ത് സുഗമമാക്കാനുള്ള കൂടിക്കാഴ്ചകളാണ് ഇതെന്നാണ് കരുതുന്നത്. മയക്കു മരുന്ന് കടത്തിന് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ പിന്തുണയും ഇവർക്കുണ്ടെന്നും രഹസ്യ വിവരം പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യൻ സമുദ്രത്തിലെ കപ്പലിൽ എൻ.സി.ബിയും നേവിയും കഴിഞ്ഞ മാസം നടത്തിയ സംയുക്ത ഓപറേഷനിൽ 12,000 കോടി രൂപ വിലവരുന്ന 2500 കിലോ മെത്താംഫിറ്റമിൻ പിടിച്ചെടുത്തിരുന്നു.
ഇന്ത്യയിൽ എൽ.ടി.ടി.ഇയെ സജീവമാക്കാൻ ശ്രമം നടത്തിയ 13 പേരുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കുറ്റപത്രം കഴിഞ്ഞാഴ്ച സമർപ്പിച്ചിരുന്നു. ശ്രീലങ്കയിലെ മാഫിയക്ക് മയക്കുമരുന്ന് നൽകുന്നത് സലിം ആണെന്ന് എൻ.ഐ.എ ആരോപിച്ചിരുന്നു. കുറ്റപത്രത്തിൽ സലിമിന്റെ പേരുമുണ്ട്. മാലദ്വീപ്, ഇന്ത്യ, ശ്രീലങ്ക, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് മയക്കു മരുന്ന് കടത്തുന്നതിന് സലിമിന് ഐ.എസ്.ഐയുടെയും ലഷ്‍കറെ ത്വയ്യിബയുടെയും പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെത്തുന്ന മയക്കുമരുന്നിന്റെ 70 ശതമാനവും കടൽമാർഗം വഴിയാണ്. കൂടുതലും അറബിക്കടലും ബംഗാൾ ഉൾക്കടലും വഴിയാണ് കടത്ത് നടക്കുന്നതെന്നും എൻ.സി.ബി വെളിപ്പെടുത്തിയിരുന്നു. അറബിക്കടലിൽ നടന്ന സംയുക്ത ഓപറേഷന്റെ വിവരം മേയ് 13നാണ് പുറത്തുവന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് കേസുകളിൽ 2015നു ശേഷം ഉയർന്നുകേട്ട പേരാണ് ഹാജി സലിം. അഫ്ഗാൻ സ്വദേശിയായ സലിമിന്റെ ഓപറേഷൻ പാകിസ്താൻ കേന്ദ്രീകരിച്ചാണ്. കടൽ വഴിയുള്ള ലഹരിക്കടത്താണ് ഇവർക്ക് പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.