പാക് ജയിലിൽ 546 ഇന്ത്യക്കാർ
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ജയിലുകളിൽ കഴിയുന്നത് 546 ഇന്ത്യക്കാർ. 494 പേരും സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടിയ മത്സ്യത്തൊഴിലാളികളാണ്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണർ ഗൗതം ബംബാവാലേക്ക് പാക് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച കൈമാറിയ ലിസ്റ്റിലാണ് വിവരം.
ഇരു രാജ്യങ്ങളും 2008 മേയ് 21ന് ഒപ്പുവെച്ച കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട കരാറിെൻറ അടിസ്ഥാനത്തിലാണ് തടവുകാരുടെ പട്ടിക കൈമാറിയത്. കരാർ പ്രകാരം എല്ലാ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് പട്ടിക കൈമാറുന്നത്.
ഇൗ വർഷം ജനുവരി ഒന്നിന് പാകിസ്താൻ നൽകിയ പട്ടിക പ്രകാരം 351 ഇന്ത്യക്കാരാണ് ജയിലിലുണ്ടായിരുന്നത്. ഇതിൽ 54 പേർ സിവിലിയന്മാരും 297 പേർ മത്സ്യത്തൊഴിലാളികളുമാണ്. 219 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ജനുവരി ആറിന് മോചിപ്പിച്ചെന്നും 77 മത്സ്യത്തൊഴിലാളികളെയും ഒരു സിവിലിയനെയും ജൂലൈ 10ന് മോചിപ്പിക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പാക് ജയിലിൽ കഴിയുന്നവരിൽ ഒരാൾ മുംബൈ സ്വദേശി ഹാമിദ് നിഹാൽ അൻസാരിയാണ്. ഒാൺലൈനിലൂടെ പരിചയപ്പെട്ട പാക് യുവതിയെ കാണാൻ അഫ്ഗാനിസ്താനിൽനിന്ന് 2012ൽ നിയമവിരുദ്ധമായി പാകിസ്താനിലേക്ക് കടക്കുകയായിരുന്നു. അവിടെയെത്തിയ ശേഷം കാണാതായ അൻസാരി ജയിലിലാണെന്ന് പിന്നീടാണ് അറിഞ്ഞത്. ചാരവൃത്തി ആരോപിച്ച് സൈനിക കോടതിയാണ് അൻസാരിയെ ശിക്ഷിച്ചത്.
മത്സ്യത്തൊഴിലാളികളും സൈനികരും ഉൾപ്പെടെ ജയിലിലുള്ള എല്ലാ ഇന്ത്യക്കാരെയും പാകിസ്താൻ എത്രയുംവേഗം വിട്ടയക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം, ഇന്ത്യൻ ജയിലുകളിലുള്ളവരുടെ പൗരത്വം പാകിസ്താൻ സ്ഥിരീകരിക്കുന്നതിന് കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ ഇവരുടെ മോചനകാര്യം തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.