അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; പുലർച്ചെ വരെ വെടിവെപ്പ് നടന്നതായി ബി.എസ്.എഫ്
text_fieldsജമ്മു: ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും പാകിസ്താൻ സൈന്യത്തിന്റെ പ്രകോപനം. പുലർച്ചെ മൂന്നു മണി വരെ പാക് സൈന്യം വെടിവെപ്പ് നടത്തിയതായി ബി.എസ്.എഫ് പി.ആർ.ഒ അറിയിച്ചു. അർനിയ കൂടാതെ അർണിയ, സുച്ച്ഗഡ്, സിയ, ജബോവൽ, ത്രെവ എന്നീ അഞ്ച് ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമാക്കി മോട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ പ്രകോപനമൊന്നുമില്ലാതെ വെടിയുതിർത്തത്. ജമ്മു ആർ.എസ് പുരയിലെ അർനിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന ഇന്ത്യൻ പോസ്റ്റിനു നേരെയാണ് വെടിയുതിർത്തത്. തുടർന്ന് ഇന്ത്യൻ സേന തിരിച്ചടി നൽകി.
പാക് സൈന്യത്തിന്റെ വെടിവെപ്പിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർക്കും ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജവാൻ ജമ്മുവിലെ ജി.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 17ന് സമാന രീതിയിൽ, ഇതേ സ്ഥലത്ത് പാക് സേന നടത്തിയ വെടിവെപ്പിൽ രണ്ട് ബി.എസ്.എഫുകാർക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ജമ്മു-കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത സുരക്ഷ സേന, അഞ്ച് തീവ്രവാദികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. മക്ച്ചിൽ സെക്ടറിൽ സൈന്യവും ജമ്മു-കശ്മീർ പൊലീസും ചേർന്നാണ് സംയുക്ത ഓപറേഷൻ നടത്തിയത്. ആദ്യം രണ്ടു പേരാണ് കൊല്ലപ്പെട്ടത്. വീണ്ടും ഏറ്റുമുട്ടലുണ്ടായതോടെ മൂന്ന് തീവ്രവാദികളെ കൂടി സുരക്ഷ സേന കൊലപ്പെടുത്തി.
കുപ്വാര പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ സേന നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിയന്ത്രണരേഖയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാനായിരുന്നു തീവ്രവാദികളുടെ ശ്രമം. കൂടുതൽ ഭീകരർ ഒളിവിൽ കഴിയുന്നതായി സൂചനയുള്ളതിനാൽ പ്രദേശത്ത് സൈന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.