ജമ്മുവിലേത് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഭീകരാക്രമണം; പാക് തീവ്രവാദ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍
text_fieldsശ്രീനഗര്‍: ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഇരട്ട സ്‌ഫോടനങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് നടക്കുന്ന ആദ്യ ഭീകരാക്രമണമെന്ന് വിലയിരുത്തല്‍. സ്‌ഫോടക വസ്തുക്കള്‍ ഡ്രോണുകളിലെത്തിച്ചാണ് എയര്‍ സ്‌റ്റേഷനില്‍ പതിപ്പിച്ചത്. നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി സ്ഥിരീകരിച്ചു.
മറ്റൊരു ഭീകരാക്രമണം പരാജയപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്തുക്കളുമായി പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ അംഗമാണ് അറസ്റ്റിലായത്. തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടത്. ഇതിന് എയര്‍ സ്‌റ്റേഷന്‍ ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ 1.37നായിരുന്നു ജമ്മു എയര്‍ സ്റ്റേഷനിലെ ആദ്യ സ്ഫോടനം. മേല്‍ക്കൂരയിലായിരുന്നു സ്ഫോടനം സംഭവിച്ചത്. ആറ് മിനിറ്റിന് ശേഷം 1.43ന് രണ്ടാമത്തെ സ്ഫോടനമുണ്ടായി. ഇത്തവണ നിലത്തായിരുന്നു പൊട്ടിത്തെറി. സംഭവത്തില്‍ രണ്ട് എയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് ചെറിയ പരിക്കേറ്റു. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ എം.എന്‍. നരവനെയും ലഡാക്ക് സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജമ്മുവില്‍ സ്‌ഫോടനം നടന്നത്. എയര്‍ഫോഴ്‌സ് നിയന്ത്രണത്തിലുള്ള ബേസ് സ്‌റ്റേഷനില്‍ യാത്രാവിമാനങ്ങളും ഇറങ്ങാറുണ്ട്.
സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നതിനെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ വിലയിരുത്തുന്നത്. വന്‍ സുരക്ഷാ മേഖലകളില്‍ പോലും ഭീഷണി സൃഷ്ടിക്കുന്നവയാണ് ഇത്തരം നീക്കങ്ങള്‍. പാക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഡ്രോണുകളില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടത്തുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്.
2019ല്‍ പഞ്ചാബിലെ അമൃത്സറിലെ ഗ്രാമത്തില്‍ ഡ്രോണ്‍ തകര്‍ന്നുവീണതോടെയാണ് അതിര്‍ത്തിയില്‍ നിന്ന് ആയുധങ്ങളെത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. മരുന്നുകളും ആയുധങ്ങളുമെത്തിക്കാന്‍ നിരവധി തവണ ഡ്രോണുകള്‍ ഉപയോഗിച്ചതായി കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റിലായ ഭീകരര്‍ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.