പൂഞ്ച് മേഖലയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യ തിരിച്ചടിച്ചു
text_fieldsശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം. പുലർച്ചെ രണ്ടരക്ക് തുടങ്ങിയ വെടിെവപ്പ് അഞ്ചര വരെ നീണ്ടു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ ജവാൻമാരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ അതേ മേഖലയിലാണ് ഇന്നും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. എന്നാൽ തങ്ങൾ വെടി നിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്ന വാദവുമായി പാകിസ്താൻ രംഗത്തെത്തി. സൈനികരോട്, അത് ഇന്ത്യക്കാരനായാൽ പോലും പാക് സേന അപമര്യാദയായി പെരുമാറുകയില്ലെന്നും പാക് സൈന്യം വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച രാത്രി ജമ്മുകശ്മീരിലെ ഷോപിയാനില്‍ ഭീകരര്‍ പൊലീസ് പോസ്റ്റുകള്‍ ആക്രമിച്ച് തോക്കുകള്‍ കവര്‍ന്നു. ഷോപിയാന്‍ ജില്ലയിലെ കോടതി സമുച്ചയത്തിന് കാവല്‍ നില്‍ക്കുന്ന പൊലീസ് പോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു എ.കെ 47 ഉള്‍പ്പടെ അഞ്ച് തോക്കുകളാണ് തീവ്രവാദികള്‍ കവര്‍ന്നത്. ഇത് രണ്ടാം തവണയാണ് തീവ്രവാദികള്‍ പൊലീസുകാരുടെ ആയുധങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത്.
കഴിഞ്ഞമാസം നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസുകാരില്‍ നിന്ന് കവര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 21 ഐ.എൻ.എസ്.എസ്,12 എസ്.എൽ.ആര്‍, രണ്ട് എ.കെ 47, ലൈറ്റ് മെഷിന്‍ ഗണ്‍, കാര്‍ബിന്‍ മെഷിന്‍ ഗണ്‍ തുടങ്ങിയ തോക്കുകളാണ് നഷ്ടപ്പെട്ടത്. ഇവ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനിടെയാണ് വീണ്ടും സമാനമായ ആക്രമണം നടന്നിരിക്കുന്നത്. പോലീസുകാരെ ആക്രമിച്ച് അവരില്‍ നിന്ന് ആയുധങ്ങള്‍ കവരുന്ന സംഭവങ്ങള്‍ കശ്മീരില്‍ സമീപകാലത്ത് ആവര്‍ത്തിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.